ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ ചെറുക്കും, രാജ്യം യുദ്ധത്തിന് സജ്ജമാണ് ; ട്രംപിന് മറുപടിയുമായി ഇറാൻ
ഇറാനുമായി വ്യാപാരത്തിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് ഇറാൻ. ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ ചെറുക്കുമെന്നും രാജ്യം യുദ്ധത്തിന് സജ്ജമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അന്തസ്സോടെയുള്ള ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇറാന് നേരെ ആക്രമണം ഉണ്ടായാൽ ഇസ്രായേലും അമേരിക്കൻ കപ്പലുകളും തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ രാജ്യം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.
പ്രക്ഷോഭകാരികൾക്ക് നേരെയുള്ള കടുത്ത അടിച്ചമർത്തലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 646 കടന്നതായാണ് റിപ്പോർട്ടുകൾ. ഇതിനിടെ, ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് ഇറാനുമായി വ്യാപാരബന്ധത്തിലേർപ്പെടുന്ന രാജ്യങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 25 ശതമാനം ഇറക്കുമതി നികുതിയും പ്രഖ്യാപിച്ചു.
മനുഷ്യാവകാശ സംഘടനയായ എച്ച്.ആർ.എ.എൻ.എയുടെ റിപ്പോർട്ട് പ്രകാരം ഇതുവരെ 646 പേർ കൊല്ലപ്പെട്ടു. ഇതിൽ 524 പ്രക്ഷോഭകരും 48 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. പതിനായിരത്തിലധികം പേർ അറസ്റ്റിലായിട്ടുണ്ട്.ഇറാൻ ചുവപ്പുരേഖ മറികടക്കുകയാണെന്നും സൈനിക നടപടി ഉൾപ്പെടെയുള്ള ശക്തമായ നീക്കങ്ങൾ പരിഗണനയിലാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.