ഇറാന്റെ തിരിച്ചടി ഭീഷണി ; ഇസ്രയേല്‍ മന്ത്രിസഭാ യോഗം ചേര്‍ന്നത് ഭൂഗര്‍ഭ കേന്ദ്രത്തില്‍
ഇറാന്റെ തിരിച്ചടി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ മന്ത്രിസഭാ യോഗം ചേര്‍ന്നത് ഭൂഗര്‍ഭ കേന്ദ്രത്തില്‍. ഇസ്രയേലി ഇന്റലിജന്‍സ് ഏജന്‍സിയായ ഷിന്‍ ബിറ്റിന്റെ സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മന്ത്രിസഭാ യോഗം ജറുസലേമിലെ സര്‍ക്കാര്‍ സമുച്ചയത്തിലെ സുരക്ഷിതമായ ഭൂഗര്‍ഭ കേന്ദ്രത്തില്‍ യോഗം ചേര്‍ന്നത്.
ഇസ്രയേലിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ ഭീഷണികള്‍ ശക്തമായതിനാലും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ കഴിഞ്ഞയാഴ്ച ഹിസ്ബുള്ള ഡ്രോണ്‍ ആക്രമണം നടത്തിയതിന്റെ വെളിച്ചത്തിലുമായിരുന്നു ഭൂഗര്‍ഭ കേന്ദ്രത്തില്‍ മന്ത്രിസഭാ യോഗം ചേരാന്‍ തീരുമാനിച്ചത്.
ഇത്തരത്തിലൊരു നീക്കം അവസാനത്തേതാകില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ലൊക്കേഷനുകള്‍ മാറിമാറിയായിരിക്കും മന്ത്രിസഭാ യോഗം ചേരുകയെന്നാണ് റിപ്പോര്‍ട്ട്. ഭൂഗര്‍ഭ കേന്ദ്രത്തില്‍ മന്ത്രിസഭാ യോഗം ചേരാനുനുള്ള തീരുമാനം രാവിലെ മാത്രമാണ് മന്ത്രിമാരെ അറിയിച്ചത്. സ്ഥലപരിമിതി മൂലം മന്ത്രിസഭാ യോഗം നടക്കുന്നിടത്തേയ്ക്ക് മന്ത്രിമാരുടെ ഉപദേശകരെ പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചിരുന്നു.