ഇറാന്റെ എണ്ണക്കിണറുകള്‍ സുരക്ഷിതം, വേണമെങ്കില്‍ ലൈവ് സ്ട്രീമിങ് നടത്താം ; അമേരിക്കയെ പരിഹസിച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍
ഇവര്‍ എണ്ണവില 120 ഡോളറിന് മുകളിലെത്തിച്ചു കഴിഞ്ഞുവെന്നും ഘാലിബാഫ് പരിഹസിച്ചു.
ഉപരോധം നീണ്ടാലും ഇറാന്റെ എണ്ണക്കിണറുകള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ തുറന്നടിച്ചു
ഇറാന്റെ എണ്ണ സമ്പത്തിനെ തകര്‍ക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ്. യു.എസ് നടപ്പിലാക്കുന്ന സാമ്പത്തിക തന്ത്രങ്ങള്‍ തികച്ചും പരാജയമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ബാരലിന് 140 ഡോളറായി ഉയരുമെന്നും പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് പ്രതികരണം
യു.എസ് സൈനിക നടപടികള്‍ ആരംഭിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും ഇറാന്റെ ഒരൊറ്റ എണ്ണ ഉല്‍പ്പാദന കേന്ദ്രത്തിന് പോലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല. ഉപരോധം നീണ്ടാലും ഇറാന്റെ എണ്ണക്കിണറുകള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ തുറന്നടിച്ചു. ഇവിടുത്തെ എണ്ണക്കിണറുകള്‍ സുരക്ഷിതമായിരിക്കുന്നത് വേണമെങ്കില്‍ ലൈവ് സ്ട്രീമിങ് നടത്തി കാണിക്കാമെന്നും അമേരിക്കന്‍ ട്രഷറി സെക്രട്ടറിയെ പരിഹസിച്ച് അദ്ദേഹം കുറിച്ചു.
യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റിനെയാണ് ഘാലിബാഫ് പ്രധാനമായും ലക്ഷ്യം വെച്ചത്. ബെസന്റിനെപ്പോലുള്ളവരുടെ തെറ്റായ ഉപദേശങ്ങളാണ് അമേരിക്കന്‍ ഭരണകൂടത്തെ വഴിതെറ്റിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇവര്‍ എണ്ണവില 120 ഡോളറിന് മുകളിലെത്തിച്ചു കഴിഞ്ഞുവെന്നും ഘാലിബാഫ് പരിഹസിച്ചു.