തലകുനിക്കില്ലെന്ന് ഇറാന്‍, യുഎസ് സാമ്പത്തിക ഉപരോധങ്ങള്‍ക്ക് വഴങ്ങില്ല

വര്‍ഷങ്ങളായി പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങള്‍ കാരണം ദശലക്ഷക്കണക്കിന് ഇറാനിയന്‍ തൊഴിലാളികള്‍ സാമ്പത്തികമായി പിടിച്ചുനില്‍ക്കാനുള്ള പുതിയ വഴികള്‍ കണ്ടെത്തിക്കഴിഞ്ഞതായി മദനി-സാദെ ചൂണ്ടിക്കാട്ടി

 

ഇറാന്റെ സാമ്പത്തിക മേഖലയില്‍ പരിഷ്‌കാരങ്ങള്‍ വരുത്താനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം ഇറാന്‍ സര്‍ക്കാരിനാണ്.

അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങളിലൂടെയോ സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെയോ ഇറാന്റെ ഭരണകൂട തീരുമാനങ്ങള്‍ മാറ്റാമെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് വ്യക്തമാക്കി ഇറാന്‍ സാമ്പത്തിക കാര്യ മന്ത്രി അലി മദനി-സാദെ. ഇറാന്റെ സാമ്പത്തിക മേഖലയില്‍ പരിഷ്‌കാരങ്ങള്‍ വരുത്താനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം ഇറാന്‍ സര്‍ക്കാരിനാണ്. അല്ലാതെ യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിനല്ലെന്ന് അദ്ദേഹം തുറന്നടിച്ചു.


വര്‍ഷങ്ങളായി പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങള്‍ കാരണം ദശലക്ഷക്കണക്കിന് ഇറാനിയന്‍ തൊഴിലാളികള്‍ സാമ്പത്തികമായി പിടിച്ചുനില്‍ക്കാനുള്ള പുതിയ വഴികള്‍ കണ്ടെത്തിക്കഴിഞ്ഞതായി മദനി-സാദെ ചൂണ്ടിക്കാട്ടി. ഉപരോധങ്ങള്‍ക്കിടയിലും രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും ഉല്‍പ്പാദന മേഖലകളും തടസ്സങ്ങളില്ലാതെ സാധാരണ നിലയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ട്.

ഇറാന്റെ ജനങ്ങളുടെ ജീവിതസൗകര്യവും ക്ഷേമവും മുന്‍നിര്‍ത്തി മാത്രമാണ് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ മുന്നോട്ട് പോകുന്നത്. ഇതില്‍ അനാവശ്യമായി ഇടപെടാനോ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാനോ അമേരിക്കയ്ക്ക് അധികാരമില്ലെന്നും വിദേശ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്‍പില്‍ രാജ്യം തലകുനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.