ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്
വാഷിങ്ടൺ/തെഹ്‌റാൻ: ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതികഠിനമായ സാമ്പത്തിക ഉപരോധ ക്യാമ്പയിനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇറാന്റെ സാമ്പത്തികമേഖലയ്ക്ക് തിരിച്ചടി ഉണ്ടാക്കുകയാണ് ലക്ഷ്യം. എണ്ണ വ്യവസായം, രാജ്യത്തെ ബാങ്കുകൾ, ഷിപ്പിങ്ങ് എന്നിവയെ ലക്ഷ്യമിട്ടാണ്
വാഷിങ്ടൺ/തെഹ്‌റാൻ: ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതികഠിനമായ സാമ്പത്തിക ഉപരോധ ക്യാമ്പയിനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇറാന്റെ സാമ്പത്തികമേഖലയ്ക്ക് തിരിച്ചടി ഉണ്ടാക്കുകയാണ് ലക്ഷ്യം. എണ്ണ വ്യവസായം, രാജ്യത്തെ ബാങ്കുകൾ, ഷിപ്പിങ്ങ് എന്നിവയെ ലക്ഷ്യമിട്ടാണ് യുഎസിന്റെ ഈ നീക്കം. ഇരുരാജ്യങ്ങളും തമ്മിലൊരു കരാറിലെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം.
അതേസമയം ഇറാന് ആരെങ്കിലും സഹായം വാഗ്ദാനം ചെയ്താൽ അവർ കടുത്ത സാമ്പത്തിക തിരിച്ചടി നേരിടുമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിട്ടുണ്ട്. ഇറാനുമായി ഒരു ഇടപാടും പാടില്ലെന്നാണ് നിർദേശം. ഇറാനുമായി സാമ്പത്തികമായോ വാണിജ്യപരമായോ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങൾ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് ആവർത്തിച്ചു.
'ഇന്ന്, ഒരു രാജ്യത്തിനെതിരെ ഏർപ്പെടുത്തുന്ന ഏറ്റവും കടുത്ത സാമ്പത്തിക നീക്കമാണ് ഞാൻ പ്രഖ്യാപിക്കുന്നത്. ഇതൊരു സാമ്പത്തിക യുദ്ധരീതിയും ഇതുവരെയും സംഭവിച്ചിട്ടില്ലാത്ത രീതിയിലുള്ള ഒറ്റപ്പെടുത്തലുമായിരിക്കും', ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
'ഏതെങ്കിലും ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ അല്ലെങ്കിൽ ഭരണകൂടം ഇറാന് സഹായം നൽകിയാൽ അതിശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും', ട്രംപ് കൂട്ടിച്ചേർത്തു. യുഎസ് ഇറാൻ സംഘർഷം നിലനിൽക്കെ നയതന്ത്രപരമായോ സൈനികപരമായോ യാതൊരു പിൻമാറ്റവും ഇരുപക്ഷത്ത് നിന്നും ഉണ്ടായിട്ടില്ല. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവും അവതാളത്തിലാണ്.
ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് ട്രംപ് വിശദീകരിച്ചിട്ടില്ല. ഇറാൻ അല്ലാതെ മറ്റൊരു രാജ്യത്തിന്റെ പേര് സമൂഹമാധ്യമ പോസ്റ്റിൽ എങ്ങും പരാമർശിച്ചിട്ടുമില്ല. യുഎസ് ഇറാൻ സംഘർഷം ആരംഭിച്ചതിന് ശേഷവും തുർക്കി, ചൈന, ജർമനി, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ഇറാന്റെ പ്രധാന വ്യാപാര പങ്കാളിയായി തന്നെ തുടരുന്നുണ്ട്.
നേരത്തെ ഇറാനുമായി ചർച്ചകൾ നടത്തുമെന്നാണ് ട്രംപ് അറിയിച്ചിരുന്നത്. ഇറാൻ ആണവശക്തിയാകാതെ തടയുന്നതാണ് അമേരിക്കയുടെ പ്രഥമ പരിഗണനയെന്നും ചർച്ചയിൽ യുഎസ് ഇക്കാര്യത്തിനാകും ഊന്നൽ നൽകുകയെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം ഇറാന് മേലുള്ള യുഎസ് നാവിക ഉപരോധം ഇനിയും സമ്മതിച്ച് കൊടുക്കാൻ തയ്യാറല്ലെന്ന് മുൻ ഇറാനിയൻ നയതന്ത്രജ്ഞൻ അബ്ബാസ് ഖമായർ അൽജസീറയോട് സംസാരിക്കവേ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ സൈനിക നേതൃത്വത്തിൽ വന്ന മാറ്റങ്ങളും നിരന്തമായി നടക്കുന്ന ഔദ്യോഗിക ചർച്ചകളും അപ്രതീക്ഷിതമായ ചില നീക്കങ്ങളുടെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.