യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അത്യാധുനിക ഡാന്‍സിങ് മിസൈലുകള്‍ വിക്ഷേപിച്ച് ഇറാന്‍

2,000 കിലോമീറ്റര്‍ പരിധിയുള്ള മിസൈലിന് 700 കിലോഗ്രാം ആയുധം വഹിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.

 

ദിശമാറി സഞ്ചരിക്കാനുള്ള കഴിവുള്ളതിനാലാണ് ഇവയെ ഡാന്‍സിങ് മിസൈല്‍ എന്ന് വിളിക്കുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ആദ്യമായി ഡാന്‍സിങ് മിസൈല്‍ പ്രയോഗിച്ച് ഇറാന്‍. യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അത്യാധുനിക മിസൈലുകള്‍ വിക്ഷേപിച്ചതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ തന്നെ രൂപകല്‍പന ചെയ്ത് വികസിപ്പിച്ചെടുത്ത, ഖര ഇന്ധനം ഉപയോഗിക്കുന്ന ബാലിസ്റ്റിക് മിസൈലാണ് 'സെജ്ജില്‍' മിസൈല്‍. ദിശമാറി സഞ്ചരിക്കാനുള്ള കഴിവുള്ളതിനാലാണ് ഇവയെ ഡാന്‍സിങ് മിസൈല്‍ എന്ന് വിളിക്കുന്നത്.

2,000 കിലോമീറ്റര്‍ പരിധിയുള്ള മിസൈലിന് 700 കിലോഗ്രാം ആയുധം വഹിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്. ദിശമാറ്റുന്നതിനാല്‍ ഇസ്രായേലിന്റെ അയണ്‍ഡോം പോലുള്ള മിസൈല്‍ വേധ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്നാണ് ഇറാന്റെ അവകാശവാദം. 18 മീറ്റര്‍ നീളവും 1.25 മീറ്റര്‍ വ്യാസവുമുള്ള ഈ മിസൈല്‍, വേഗത്തില്‍ വിക്ഷേപണത്തിന് സജ്ജമാക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 1990 കളുടെ തുടക്കത്തിലാണ് സെജ്ജില്‍ മിസൈലിന്റെ രൂപകല്‍പന ആരംഭിച്ചത്. 2008ലായിരുന്നു ആദ്യ പരീക്ഷണം. 

യുദ്ധം പതിനാറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഇറാന്റെ മിസൈല്‍ വിക്ഷേപണം. ഫെബ്രുവരി 28ന് തുടങ്ങിയ ആക്രമണം അയവില്ലാതെ തുടരുകയാണ്.