ഇറാൻറെ പ്രത്യാക്രമണം ; കുവൈറ്റിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു
കുവൈറ്റ് സിറ്റി : പശ്ചിമേഷ്യയിൽ യുദ്ധം കനക്കുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ കുവൈറ്റിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു. കുവൈറ്റ് ഫയർ ഫോഴ്സിലെ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ഇമാദ് അൽ ഷറ, മേജർ ഫഹദ് അബ്ദുൽ അസീസ് അൽ മുജമ്മദ് എന്നിവരാണ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്.
ബഹ്റൈനിലെ ഒരു സർവകലാശാലയ്ക്കും ജലശുദ്ധീകരണ പ്ലാൻറിനും നേരെ ഇറാൻറെ ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇസ്രയേൽ എംബസി സ്ഥിതി ചെയ്യുന്ന മനാമയിലെ ഫിനാൻഷ്യൽ ഹാർബർ ടവറുകൾക്ക് മുകളിലൂടെ വന്ന ഡ്രോൺ പ്രതിരോധ സേന തകർത്തു.
സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ഇറാൻറെ ഈ നീക്കത്തെ "നഗ്നമായ അധിനിവേശം" എന്നാണ് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം വിശേഷിപ്പിച്ചത്. സുപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ സൗദി അറേബ്യ ഒൻപതോളം ഇറാൻ ഡ്രോണുകളാണ് വെടിവെച്ചിട്ടത്.