ഇസ്രായേൽ കൊന്നൊടുക്കിയ 165 പെൺകുട്ടികൾക്കായി ഖബറൊരുക്കി ഇറാൻ
ഇസ്റാഈൽ കൊന്നൊടുക്കിയ 165 പെൺകുട്ടികൾക്കായി ഖബറൊരുക്കി ഇറാൻ.നിരനിരയായി 165 കുഞ്ഞു ഖബറുകൾ. സ്‌കൂളിൽ അവർ ഇരുന്നത് പോലെ. അടുത്തടുത്തായി. കയ്യകലം പോലുമില്ലാതെ. ഇസ്റാഈൽ കൊന്നൊടുക്കിയ ആ 165 പെൺകുട്ടികളെ ഇവിടെയാണ് ഖബറടക്കുക. ഇറാൻ ഇന്ന് ആ ചിത്രം പുറത്തു വിട്ടു.
നിരനിരയായൊരുക്കിയ കുഞ്ഞു ഖബറുകളുടെ ചിത്രം. മനഃസാക്ഷിയുള്ള ഒരാൾക്കും ഉള്ള് വിങ്ങാതെ കണ്ടു നിൽക്കാനാവില്ല ഈ ചിത്രം.ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയാണ് എക്‌സിൽ ചിത്രം പങ്കുവെച്ചത്. ലോകത്തിന്റെ മനഃസാക്ഷിയിലേക്ക് തുറന്നു വെച്ചിരിക്കുകയാണ് ഇത്. യുദ്ധത്തിന്റെ ബാക്കിപത്രമായി. ശൂന്യമായ ഭൂമിയിൽ പുതുതായി കുഴിച്ചെടുക്കുന്ന നൂറിലധികം കുഴിമാടങ്ങളുടെ നീണ്ട നിരകൾ. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്താൽ ഒരുക്കിയതാണ് ഖബറുകൾ. ബാക്കിയുള്ള ഖബറുകൾ കുഴിക്കാനായി അടയാളപ്പെടുത്തിയ സ്ഥലവും. അതിനടുത്ത് മണ്ണുമാന്തി യന്ത്രങ്ങളും കാണാം.