ആക്രമിച്ചാൽ ഇസ്രായേലിൻറെ ‘രഹസ്യ ആണവ കേന്ദ്രങ്ങൾ’ തകർക്കും ; ഇറാൻ
Jun 10, 2025, 18:55 IST
തെഹ്റാൻ: തങ്ങളെ ആക്രമിച്ചാൽ ഇസ്രായേലിൻറെ ‘രഹസ്യ ആണവ കേന്ദ്രങ്ങൾ’ തകർക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ സുരക്ഷാകാര്യ സമിതിയായ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ (എസ്.എൻ.എസ്.സി) രംഗത്ത്. ഇസ്രായേലിലെ ആണവ കേന്ദ്രങ്ങളുടെ വിവരമടങ്ങിയ രേഖകൾ ലഭിച്ചതായി ഏതാനും ദിവസം മുമ്പ് രഹസ്യാന്യേഷണ വിഭാഗത്തിൻറെ ചുമതലുള്ള മന്ത്രി ഇസ്മായിൽ ഖാത്തിബ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എസ്.എൻ.എസ്.സിയുടെ മുന്നറിയിപ്പെന്നത് ശ്രദ്ധേയമാണ്.
ഇറാൻറെ താൽപര്യത്തിനു വിരുദ്ധമായി ഇസ്രായേൽ സൈനിക നീക്കം നടത്തിയാൽ തിരിച്ചടിക്കാനുള്ള കേന്ദ്രങ്ങൾ മാസങ്ങൾ നീണ്ട രഹസ്യ ദൗത്യത്തിലൂടെ കണ്ടെത്തിയെന്ന് കൗൺസിൽ അവകാശപ്പെട്ടു. ഇറാൻറെ ആണവകേന്ദ്രങ്ങളോ സൈനിക താവളങ്ങളോ സാമ്പത്തിക കേന്ദ്രങ്ങളോ ലക്ഷ്യമാക്കി ഇസ്രായേൽ ഏതെങ്കിലും തരത്തിൽ ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്നും എസ്.എൻ.എസ്.സി വ്യക്തമാക്കി.