ഇറാന് ഇതുവരെ ആവശ്യത്തിന് വേദന അനുഭവിക്കേണ്ടി വന്നിട്ടില്ല, ഒരു വലിയ ആക്രമണത്തെക്കുറിച്ച് ആലോചിക്കുകയാണ് ; ട്രംപ്
ഞങ്ങള്‍ ഇതിനായി എല്ലാം സജ്ജമാക്കിയിട്ടുണ്ട്'- ട്രംപ് പറഞ്ഞു.
ഇറാന്‍ ചര്‍ച്ചകളില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു കരാറിലെത്താന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാനെതിരെ പുതിയ സൈനിക നടപടി ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഓപ്പറേഷന്‍ എപിക് ഫ്യൂറിയേക്കാള്‍ വലിയ സൈനിക നടപടിയാണ് ആലോചിക്കുന്നതെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ മാധ്യമമായ ആക്‌സിയോസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇറാന്‍ ചര്‍ച്ചകളില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു കരാറിലെത്താന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി.
'ഞാന്‍ ഒരു വലിയ ആക്രമണത്തെക്കുറിച്ച് ആലോചിക്കുകയാണ്. ഇതുവരെ ഉണ്ടായതിനേക്കാള്‍ വലുത്. ഞാന്‍ ഒരു തീരുമാനമെടുക്കാന്‍ അടുത്തിരിക്കുകയാണ്. ഞങ്ങള്‍ ഇതിനായി എല്ലാം സജ്ജമാക്കിയിട്ടുണ്ട്'- ട്രംപ് പറഞ്ഞു. ഇറാന് ഇതുവരെ ആവശ്യത്തിന് വേദന അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്കന്‍ സേന ഇറാനില്‍ ഇറങ്ങിയുള്ള ആക്രമണത്തിന് തുനിഞ്ഞേക്കുമെന്ന ആശങ്ക ട്രെഹ്രാനില്‍ നിലനില്‍ക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം. ഇറാനില്‍ കാലുകുത്തിയാല്‍ സര്‍വശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം അമേരിക്ക ആവശ്യപ്പെട്ടാല്‍ ഏത് പുതിയ സൈനിക നീക്കത്തിലും ഇസ്രായേല്‍ വേഗത്തില്‍ പങ്കാളിയാകുമെന്നും ട്രംപ് അവകാശപ്പെട്ടു. താന്‍ ആവശ്യപ്പെട്ടാല്‍ രണ്ട് മിനിറ്റിനുള്ളില്‍ ഇസ്രായേല്‍ പങ്കുചേരും. എന്നാല്‍ ഒരു സൈനിക നടപടി ആരംഭിക്കാന്‍ അമേരിക്കയ്ക്ക് ഇസ്രായേലിന്റെ പിന്തുണ ആവശ്യമില്ലെന്ന് പറഞ്ഞ ട്രംപ് ഇസ്രായേലിന്റെ പങ്കാളിത്തം ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും സമ്മതിച്ചു.