ഇറാന്‍ ഒരു യുദ്ധവും തുടങ്ങി വെച്ചിട്ടില്ല.. അമേരിക്കന്‍ ജനതയ്ക്ക് തുറന്ന കത്തുമായി ഇറാന്‍ പ്രസിഡന്റ്

ഈ യുദ്ധത്തിലൂടെ യുഎസ് പൗരന്മാരില്‍ ആരുടെ താത്പര്യമാണ് സംരക്ഷിക്കപ്പെടുന്നതെന്നും ഇറാന്‍ പ്രസിഡന്റ് ചോദിക്കുന്നു.

 

യുദ്ധവും പ്രതിരോധവും ഇറാന്റെ ചരിത്രത്തിന്റെ ഭാഗമാണെന്ന് കത്തില്‍ പെസെഷ്‌കിയാന്‍ ഊന്നിപ്പറഞ്ഞു.

അമേരിക്കന്‍ ജനതയ്ക്ക് തുറന്ന കത്തുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഇറാന് അമേരിക്കയിലെയോ യൂറോപ്പിലെയോ അയല്‍ രാജ്യങ്ങളിലെയോ ജനങ്ങളോട് ശത്രുത ഇല്ലെന്ന് പ്രസിഡന്റ് കത്തില്‍ പറയുന്നു. ചരിത്രത്തിലുടനീളം ആവര്‍ത്തിച്ചുള്ള വിദേശ ഇടപെടലുകളും സമ്മര്‍ദ്ദങ്ങളും നേരിടേണ്ടി വന്നിട്ടും, സര്‍ക്കാരുകളെയും അവര്‍ ഭരിക്കുന്ന ജനങ്ങളെയും തമ്മില്‍ വേര്‍തിരിച്ചു കാണാന്‍ ഇറാനികള്‍ക്ക് എപ്പോഴും സാധിച്ചിട്ടുണ്ട്. ആധുനിക കാലത്ത് ഇറാന്‍ ഒരു യുദ്ധവും തുടങ്ങി വെച്ചിട്ടില്ല. ലോകം ഇന്ന് ഒരു നിര്‍ണ്ണായക ഘട്ടത്തിലാണെന്നും യുദ്ധവും സമാധാനവും തമ്മിലുള്ള തെരഞ്ഞെടുപ്പ് വരുംതലമുറകളുടെ ഭാവി നിര്‍ണ്ണയിക്കുമെന്നും പെസെഷ്‌കിയാന്‍ വ്യക്തമാക്കി. 

യുദ്ധവും പ്രതിരോധവും ഇറാന്റെ ചരിത്രത്തിന്റെ ഭാഗമാണെന്ന് കത്തില്‍ പെസെഷ്‌കിയാന്‍ ഊന്നിപ്പറഞ്ഞു. തങ്ങള്‍ ഒരിക്കലും യുദ്ധം ആരംഭിച്ചിട്ടില്ലെന്നും എന്നാല്‍ ആക്രമണങ്ങളെ ശക്തമായി നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇറാനെ ഒരു ഭീഷണിയായി ചിത്രീകരിക്കുന്നത് ചരിത്രപരമായ യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. അത്തരം ധാരണകള്‍ അധികാരമുള്ളവരുടെ രാഷ്ട്രീയ-സാമ്പത്തിക താല്‍പ്പര്യങ്ങളുടെ സൃഷ്ടിയാണ്. അക്രമങ്ങളെ ന്യായീകരിക്കാനും സൈനിക മേധാവിത്വം നിലനിര്‍ത്താനും ആയുധ വ്യവസായത്തെ പോഷിപ്പിക്കാനും തന്ത്രപ്രധാനമായ വിപണികളെ നിയന്ത്രിക്കാനും ഒരു ശത്രുവിനെ സൃഷ്ടിക്കേണ്ടത് അവരുടെ ആവശ്യമാണ്. അത്തരമൊരു സാഹചര്യത്തില്‍, ഒരു ഭീഷണി നിലവിലില്ലെങ്കില്‍ അവര്‍ അത് നിര്‍മ്മിച്ചെടുക്കുന്നുവെന്ന് ഇറാന്‍ പ്രസിഡന്റ് വിമര്‍ശിച്ചു.

ഈ യുദ്ധത്തിലൂടെ യുഎസ് പൗരന്മാരില്‍ ആരുടെ താത്പര്യമാണ് സംരക്ഷിക്കപ്പെടുന്നതെന്നും ഇറാന്‍ പ്രസിഡന്റ് ചോദിക്കുന്നു. ഇറാന്റെ ഭാഗത്തു നിന്ന് എന്ത് ഭീഷണിയുണ്ടായിട്ടാണ് ഈ യുദ്ധം തുടങ്ങിയത്? നിരപരാധികളായ കുഞ്ഞുങ്ങളെ കൊല്ലുന്നതിലൂടെ, മരുന്നു കമ്പനികളും ആശുപത്രികളും നശിപ്പിക്കുന്നതിലൂടെ എന്താണ് ചെയ്യുന്നത്? കരാറിലെത്താനുള്ള ചര്‍ച്ചകള്‍ക്കിടെ യുഎസ് സര്‍ക്കാരാണ് ഏകപക്ഷീയമായി പിന്മാറി ആക്രമണം തുടങ്ങിയതെന്നും ഇറാന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഇറാന്റെ ഊര്‍ജ്ജ വ്യവസായ മേഖലകള്‍ക്ക് എതിരായ ആക്രണം ഇറാന്‍ ജനതയ്ക്കെതിരായ ആക്രമണമാണ്. അതോടെ ഇറാന്റെ അതിര്‍ത്തിയും കടന്ന് യുദ്ധം വ്യാപിച്ചു. ഇത് കരുത്തല്ലെന്നും പ്രശ്ന പരിഹാരത്തിലെത്താനുള്ള കഴിവില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീനികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി ഇറാനെതിരെ തിരിയുകയായിരുന്നു ഇസ്രയേലെന്നും പെസഷ്‌കിയാന്‍ കുറ്റപ്പെടുത്തി. ഇറാന്‍ ഭീഷണിയാണെന്ന തരത്തില്‍ വ്യാഖ്യാനം സൃഷ്ടിച്ചു. ശരിക്കും അമേരിക്ക ഫസ്റ്റ് എന്നു പറയുന്ന യുഎസ് ഭരണകൂടം ആര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഏറ്റുമുട്ടലിന്റെ പാത മുന്‍പത്തേക്കാള്‍ ചെലവേറിയതും ഫലശൂന്യവുമാണെന്ന് ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. യുദ്ധവും സമാധാനവും- ഏത് വേണമെന്ന തെരഞ്ഞെടുപ്പ് വരുംതലമുറകളുടെ ഭാവി നിര്‍ണ്ണയിക്കുമെന്നും പെസെഷ്‌കിയാന്‍ വ്യക്തമാക്കി. സംഘര്‍ഷം ലഘൂകരിക്കാന്‍ കൃത്യമായ നടപടികള്‍ കത്തില്‍ നിര്‍ദ്ദേശിച്ചിട്ടില്ലെങ്കിലും, സമാധാനമാണ് ആഗ്രഹിക്കുന്നത് എന്ന സൂചനയാണ് അദ്ദേഹം കത്തില്‍ നല്‍കിയത്.