യുദ്ധം അവസാനിപ്പിക്കാന്‍ അഞ്ച് നിബന്ധനകളുമായി ഇറാന്‍
വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നല്‍കണം,
ഹോര്‍മുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം,
അമേരിക്കയുടെ വെടിനിര്‍ത്തല്‍ ഉപാധികള്‍ തള്ളി ഇറാന്‍. വെടിനിര്‍ത്തലിനുള്ള ട്രംപിന്റെ 15 ഉപാധികള്‍ തള്ളി യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാന്‍ 5 നിബന്ധനകള്‍ മൂന്നോട്ടുവെച്ചു. ഇറാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹോര്‍മുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നല്‍കണം, യുദ്ധത്തെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ക്കു കൃത്യമായ നഷ്ടപരിഹാരം നല്‍കണം, ഇറാനില്‍ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് ഇറാന്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍.
ഹോര്‍മുസ് താനും ഇറാന്‍ പരമോന്നത നേതാവും സംയുക്തമായി നിയന്ത്രിക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച സൂചിപ്പിച്ചിരുന്നു. ഇതിനിടെ, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ യുഎസ് നിര്‍ണായക നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ഖാര്‍ഗ് ദ്വീപില്‍ തങ്ങളുടെ കരസേനയെ വിന്യസിക്കുന്നതിനെക്കുറിച്ച് യുഎസ് ചര്‍ച്ച നടത്തിയെന്നാണ് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദ്വീപില്‍ മേല്‍ക്കൈ നേടുന്നതിലൂടെ എണ്ണ ഉല്‍പ്പാദനത്തിലൂടെ ഇറാന്‍ നേടുന്ന സാമ്പത്തിക വരുമാനം കുറയ്ക്കാനും നിലവിലെ സംഘര്‍ഷത്തിന്റെ ഗതിയെ സ്വാധീനിക്കാനും കഴിയുമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.