യുഎസ് സൈനികർക്ക് നേരെ സൈബർ ആക്രമണവുമായി ഇറാൻ അനുകൂല ഹാക്കർ ഗ്രൂപ്പുകൾ

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വെടിനിർത്തലിലൂടെ താൽക്കാലികമായി ശാന്തമായിരിക്കെ, യുഎസ് സൈനികർക്ക് നേരെ സൈബർ ആക്രമണവുമായി ഇറാൻ അനുകൂല ഹാക്കർ
 

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വെടിനിർത്തലിലൂടെ താൽക്കാലികമായി ശാന്തമായിരിക്കെ, യുഎസ് സൈനികർക്ക് നേരെ സൈബർ ആക്രമണവുമായി ഇറാൻ അനുകൂല ഹാക്കർ ഗ്രൂപ്പുകൾ.മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്ന യുഎസ് മറീൻ കോർപ്‌സ് അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഹാക്കർമാർ ഭീഷണി സന്ദേശങ്ങൾ അയച്ചതായി നേവൽ ക്രിമിനൽ ഇൻവെസ്റ്റിഗേറ്റീവ് സർവീസ് വെളിപ്പെടുത്തി. 'ഹന്താല' എന്ന ഹാക്കർ ഗ്രൂപ്പാണ് ഇതിന് പിന്നിലെന്നാണ് സൂചന.

"നിങ്ങളുടെ ഐഡൻറിറ്റി ഞങ്ങളുടെ മിസൈൽ യൂണിറ്റുകൾക്ക് കൃത്യമായി അറിയാം, നിങ്ങളുടെ ഓരോ ചലനവും ഞങ്ങളുടെ നിരീക്ഷണത്തിലാണ്" എന്നായിരുന്നു സൈനികർക്ക് ലഭിച്ച ഒരു സന്ദേശം. ഭീഷണി സന്ദേശങ്ങൾക്കൊപ്പം ഏകദേശം 2,379 യുഎസ് സൈനികരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തിയതായും ഹാക്കർമാർ അവകാശപ്പെട്ടു. എന്നാൽ, ഇത്തരം സന്ദേശങ്ങൾ പരിഭ്രാന്തി സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും നേരിട്ടുള്ള ശാരീരിക ഭീഷണി നിലവിലില്ലെന്നുമാണ് എൻസിഐഎസ് വ്യക്തമാക്കുന്നത്. പല സൈനികരും ഈ സന്ദേശങ്ങൾക്ക് പരിഹാസരൂപേണ മറുപടി നൽകുന്നതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാർച്ചിൽ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിൻറെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്തതും ഇതേ ഗ്രൂപ്പാണെന്ന് കരുതപ്പെടുന്നു.