സുരക്ഷ കൗണ്‍സില്‍ മേധാവി അലി ലാറിജാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്
സുരക്ഷ കൗണ്‍സില്‍ മേധാവി അലി ലാറിജാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍
. ഇറാന്റെ സൈനിക നേതൃത്വത്തിലെ ഏറ്റവും നിര്‍ണായക വ്യക്തിയായിരുന്നു ലാറിജാനി.
ഇന്നലെ പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ പ്രധാനമായും ലക്ഷ്യമിട്ടത് ലാറിജാനിയെ ആണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു
ഇറാന്‍ സുരക്ഷ കൗണ്‍സില്‍ മേധാവി അലി ലാറിജാനി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാന്‍. ഖമനെയിക്ക് ശേഷം ഇറാനിലെ ഏറ്റവും വലിയ രാഷ്ട്രീയ വ്യക്തിത്വമാണ് ലാറിജാനി. ഇറാന്‍ ബസിജ് കമാണ്ടര്‍ ഗുലാം റിസ സുലൈമാനിയും കൊല്ലപ്പെട്ടു. പ്രതികാരം ചെയ്യുമെന്ന് ഐആര്‍ജിസി വ്യക്തമാക്കി. ഇന്നലെ പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ പ്രധാനമായും ലക്ഷ്യമിട്ടത് ലാറിജാനിയെ ആണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇറാന്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചത്.
'ഇറാന്റെ ഉന്നമനത്തിനും ഇസ്ലാമിക വിപ്ലവത്തിനുമായി ജീവിതകാലം മുഴുവന്‍ ശ്രമിച്ച ശേഷം, അദ്ദേഹം ഒടുവില്‍ തന്റെ ആഗ്രഹം നിറവേറ്റി. അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു' എന്നാണ് സെക്യൂരിറ്റി കൌണ്‍സിലിനെ ഉദ്ധരിച്ച് മെഹ്ര്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്റെ സൈനിക നേതൃത്വത്തിലെ ഏറ്റവും നിര്‍ണായക വ്യക്തിയായിരുന്നു ലാറിജാനി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമയേനിയുടെ കൊലപാതകത്തെ തുടര്‍ന്ന് രാജ്യത്തിന്റെ സുരക്ഷയുടെ നേതൃത്വം ലാറിജാനിയുടെ കൈകളിലായിരുന്നു. സുരക്ഷാ മേധാവിയെ ലക്ഷ്യം വെച്ചുള്ള ആക്രമണം ഇറാന് കനത്ത തിരിച്ചടിയാണ്. ഇറാനിലെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും സൈനിക സ്ഥാപനങ്ങളും ലക്ഷ്യമിട്ട് തെഹ്‌റാനിലും ഷിറാസ്, തബ്രിസ് നഗരങ്ങളിലും ഒരേസമയം വ്യോമാക്രമണം നടത്തിയെന്നാണ് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.