ബഹ്റൈനിലും കുവൈത്തിലും ഇറാന്റെ ഡ്രോൺ ആക്രമണം ബഹ്റൈനിലും കുവൈത്തിലും ഇറാന്റെ ഡ്രോൺ ആക്രമണം
ഇറാനെതിരെ യു.എസ് നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമായി. ഇറാൻ യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടിച്ചു.
ഇറാനെതിരെ യു.എസ് നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമായി. ഇറാൻ യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടിച്ചു. ജോർദാനിലെ യു.എസ് മറൈൻ കോർപ്‌സ് താവളമായ ക്യാംപ് ടിറ്റിനിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി ഇറാന്റെ റവല്യൂഷനറി ഗാർഡ് (ഐആർജിസി) അറിയിച്ചു. എന്നാൽ ആക്രമണത്തിൽ യു.എസ് സൈനികർക്ക് ആളപായമുണ്ടായതായി സ്ഥിരീകരണമില്ല.
ഒരു ഡസനിലധികം ബാലിസ്റ്റിക് മിസൈലുകളാണ് ജോർദാനിലേക്ക് ഇറാൻ തൊടുത്തുവിട്ടത്.
രാജ്യത്തിന്റെ വ്യോമപരിധിയിൽ പ്രവേശിച്ച 13 ബാലിസ്റ്റിക് മിസൈലുകളിൽ 10 എണ്ണവും തകർത്തതായി ജോർദാൻ വ്യോമ സേന അറിയിച്ചു. ബാക്കിയുള്ള മൂന്ന് മിസൈലുകൾ ജനവാസ കേന്ദ്രങ്ങളിൽനിന്ന് അകലെയുള്ള പ്രദേശങ്ങളിൽ പതിച്ചതായും സൈന്യംപറഞ്ഞു. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വീണ മിസൈൽ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ജോർദാൻ അറിയിച്ചു. സംശയകരമായ വസ്തുക്കളോ അവശിഷ്‌ടങ്ങളോ തൊടരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും ജനങ്ങൾക്ക്
നിർദേശം നൽകി.
ഇതിന് തൊട്ടുപിന്നാലെയാണ് ബഹ്റൈനിലേക്കും കുവൈത്തിലേക്കും ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്. ബഹ്റൈൻ പ്രതിരോധ സേനയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇറാനിൽനിന്ന് എത്തിയ ഡ്രോണുകൾ തടഞ്ഞതായി നാഷനൽ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും പൗരന്മാരോടും താമസക്കാരോടും ഏറ്റവും അടുത്ത സുരക്ഷിത സ്ഥാനത്തേക്ക് മാറാനും ഔദ്യോഗിക ചാനലുകളിലെ വിവരങ്ങൾ മാത്രം പിന്തുടരാനും ആവശ്യപ്പെട്ടു.