താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാനും അമേരിക്കയും തമ്മിൽ ഏറ്റുമുട്ടലുകൾ തുടരുന്നു

 താൽക്കാലിക വെടിനിർത്തൽ കരാർ നിലനിൽക്കുന്നു എന്നവകാശപ്പെടുമ്പോഴും ഇറാനും അമേരിക്കയും തമ്മിൽ ഏറ്റുമുട്ടലുകൾ തുടരുന്നു.ഏറ്റവുമൊടുവിൽ, വ്യാഴാഴ്ച ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ അമേരിക്ക
 

 താൽക്കാലിക വെടിനിർത്തൽ കരാർ നിലനിൽക്കുന്നു എന്നവകാശപ്പെടുമ്പോഴും ഇറാനും അമേരിക്കയും തമ്മിൽ ഏറ്റുമുട്ടലുകൾ തുടരുന്നു.ഏറ്റവുമൊടുവിൽ, വ്യാഴാഴ്ച ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തുകയായിരുന്നു. പ്രകോപനമില്ലാതെ ഇറാൻ തങ്ങളുടെ യുദ്ധക്കപ്പലുകൾ ആക്രമിച്ചതിന് തിരിച്ചടിയായാണ് ആക്രമണം എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചത്. പ്രസിഡന്റ് ട്രംപ് സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

ഒരു മാസം നീണ്ടുനിന്ന താൽക്കാലിക വെടിനിർത്തലിനിടയിലാണ് വ്യഴാഴ്ച പുതിയ ആക്രമണമുണ്ടായത്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ഇറാൻ തുറമുഖങ്ങൾക്കുമേലുള്ള യുഎസ് ഉപരോധം അവസാനിപ്പിക്കാനുമുള്ള പദ്ധതികൾ ഇരുരാജ്യങ്ങളും ചർച്ച ചെയ്യുന്നതിനിടയിലാണ് യുഎസ് ഇറാനിൽ ആക്രമണം നടത്തിയത്.

ഹോർമുസ് കടലിടുക്കിൽ പ്രകോപനമില്ലാതെ മൂന്ന് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതിനെ തുടർന്നാണ് ഇറാനിലെ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി. മിസൈലുകളും ഡ്രോണുകളും ചെറിയ ബോട്ടുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം. ആക്രമണങ്ങളെ പരാജയപ്പെടുത്തിയതായും മറുപടിയായി ഇറാനിലെ മിസൈൽ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ ലൊക്കേഷനുകൾ, ഇന്റലിജൻസ്, നിരീക്ഷണ, രഹസ്യാന്വേഷണ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ ലക്ഷ്യമിട്ടതായുമാണ് പ്രസ്താവനയിൽ പറയുന്നത്.

ടെഹ്‌റാൻ, ഖേഷ്ം ദ്വീപ്, ബന്ദർ അബ്ബാസ് നഗരം എന്നിവിടങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. ഇവിടെ സ്‌ഫോടനങ്ങൾ നടന്നതായി ഇറാൻ മാധ്യമങ്ങളും സോഷ്യൽ മീഡിയാ പോസ്റ്റുകളും വ്യക്തമാക്കി. ആക്രമണത്തിനു പിന്നിൽ അമേരിക്കയും അതിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുമാണെന്ന് ഇറാന്റെ സായുധ സേന അറിയിച്ചു. അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് വക്താവ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഹോർമുസ് കടലിടുക്കിലേക്ക് പോവുകയായിരുന്ന ഇറാൻ ഓയിൽ ടാങ്കറിന് നേരെ അമേരിക്ക വെടിയുതിർത്തതായും വെടിനിർത്തൽ കരാർ ലംഘിച്ചതായും കഴിഞ്ഞദിവസം ഇറാൻ ആരോപിച്ചിരുന്നു. ഇതിനു പ്രതികാരമായാണ് യുഎസ് യുദ്ധപ്പലുകളെ ആക്രമിച്ചതെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇറാനുമായുള്ള വെടിനിർത്തൽ കരാർ ഇപ്പോഴും നിലനിൽക്കുന്നതായി പ്രസിഡന്റ് ട്രംപ് വ്യാഴാഴ്ച വൈകി മാധ്യമപ്രവർത്തകരോട് പറഞ്ഞു.