വ്യോമാക്രമണങ്ങളിൽ തകർന്ന ഭൂഗർഭ മിസൈൽ താവളങ്ങൾ പുനഃസ്ഥാപിച്ച് ഇറാൻ
വാഷിങ്ടൺ: അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ തകർന്ന ഭൂഗർഭ മിസൈൽ താവളങ്ങളിൽ ഭൂരിഭാഗവും പുനഃസ്ഥാപിച്ച് ഇറാൻ. ആക്രമണത്തിൽ തകർന്ന 69 തുരങ്ക കവാടങ്ങളിൽ 50 എണ്ണവും ഇറാൻ ഇതിനകംതന്നെ ഗതാഗതയോഗ്യമാക്കി മാറ്റിയതായാണ് റിപ്പോർട്ട്. അന്താരാഷ്ട്ര മാധ്യമമായ സി.എൻ.എൻ ഇക്കാര്യം വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
രാജ്യത്തെ 18 ഭൂഗർഭ മിസൈൽ താവളങ്ങളിലായി തകർന്നുകിടന്ന 50 കവാടങ്ങളാണ് ഇറാൻ യുദ്ധകാലാടിസ്ഥാനത്തിൽ ശരിയാക്കിയെടുത്തത്. ബുൾഡോസറുകളും ലോഡറുകളും ഡംപ് ട്രക്കുകളും ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന്റെയും തകർന്ന പാതകൾ പുനർനിർമിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്.
അത്യാധുനിക ബോംബുകൾ ഉപയോഗിച്ച് മിസൈൽ കവാടങ്ങൾ തകർക്കാൻ എളുപ്പമാണെങ്കിലും, പാറക്കെട്ടുകൾക്ക് താഴെ ആഴത്തിൽ ഒളിപ്പിച്ചിരിക്കുന്ന മിസൈൽ ശേഖരത്തെ പൂർണമായി നശിപ്പിക്കുക അസാധ്യമാണെന്ന യാഥാർഥ്യമാണ് ഈ വേഗത്തിലുള്ള പുനരുദ്ധാരണം തെളിയിക്കുന്നതെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
യുദ്ധകാലത്ത് ഇറാന്റെ മിസൈൽ വിക്ഷേപണ ശേഷി തടയുന്നതിനായി തുരങ്ക കവാടങ്ങളും റോഡുകളുമായിരുന്നു അമേരിക്കയും ഇസ്രായേലും പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഇറാന്റെ മിസൈലുകളിൽ ഭൂരിഭാഗവും ഭൂമിക്കടിയിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്നതിനാൽ അവ കേടുപാടുകൾ കൂടാതെ അതിജീവിച്ചു. വിക്ഷേപണ ജീവനക്കാരും ലോഞ്ചറുകളും ഉള്ളിടത്തോളം കാലം ഇറാന് മിസൈൽ ആക്രമണം തുടരാനാകുമെന്ന് ജെയിംസ് മാർട്ടിൻ സെന്റർ ഫോർ നോൺ പ്രോലിഫറേഷൻ സ്റ്റഡീസിലെ ഗവേഷകനായ സാം ലെയർ പറഞ്ഞു. ഭൂഗർഭ താവളങ്ങളിലായി 5000ത്തോളം മിസൈലുകൾ ഇനിയും ഇറാന്റെ പക്കലുണ്ടാകാമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.