വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി ഇറാന്‍ ; ഹോര്‍മുസ് ഇറാന്‍ സൈന്യത്തിന്റെ സഹായത്തോടെ തുറക്കുമെന്ന് മന്ത്രി

 

രണ്ടാഴ്ചത്തേക്ക് ശത്രുത അവസാനിപ്പിക്കാനും ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറന്നുകൊടുക്കാനും ഈ കരാര്‍ ആഹ്വാനം ചെയ്യുന്നു.

 

കടുത്ത ഭീഷണി മുഴക്കി മണിക്കൂറുകള്‍ക്ക് ശേഷമാണ് ചൊവ്വാഴ്ച ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് അമേരിക്ക ധാരണയായത്.

പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ട്രംപ് മുന്നോട്ട് വച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി ഇറാന്‍. ഹോര്‍മുസ്, ഇറാന്‍ സൈന്യത്തിന്റെ സഹായത്തോടെ, തുറക്കുമെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.

 നാഗരികത ഇന്ന് രാത്രി ഇല്ലാതാകും എന്ന കടുത്ത ഭീഷണി മുഴക്കി മണിക്കൂറുകള്‍ക്ക് ശേഷമാണ് ചൊവ്വാഴ്ച ഇറാനുമായി രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് അമേരിക്ക ധാരണയായത്. രണ്ടാഴ്ചത്തേക്ക് ശത്രുത അവസാനിപ്പിക്കാനും ഹോര്‍മുസ് കടലിടുക്ക് ഉടനടി തുറന്നുകൊടുക്കാനും ഈ കരാര്‍ ആഹ്വാനം ചെയ്യുന്നു. ഇറാനുമായി ഒരു അന്തിമ കരാറിലെത്താന്‍ ഈ രണ്ടാഴ്ചത്തെ സമയം അമേരിക്ക ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണമെത്തിയത്. പാക് പ്രധാനമന്ത്രി ഷബാസ് ഷെരീഫ് തന്റെ ട്വീറ്റിലൂടെ നടത്തിയ സാഹോദര്യപൂര്‍വ്വമായ അഭ്യര്‍ത്ഥന മാനിച്ചും, തങ്ങളുടെ 15 ഇന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ വേണമെന്ന അമേരിക്കയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
ചര്‍ച്ചകള്‍ക്കായി ഇറാന്‍ മുന്നോട്ടുവെച്ച 10 ഇന നിര്‍ദ്ദേശങ്ങളുടെ പൊതുവായ ചട്ടക്കൂട് അംഗീകരിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് പ്രഖ്യാപിച്ച സാഹചര്യത്തിലും ഇറാന് നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തലാക്കുകയാണെങ്കില്‍, ഞങ്ങളുടെ കരുത്തുറ്റ സായുധ സേന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് അബ്ബാസ് അരാഗ്ചി സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചത്.