കുവൈത്തില്‍ യുഎസ് സൈനികര്‍ക്കെതിരായ ആക്രമണത്തിന് സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചെന്ന് ഇറാനെതിരെ ആരോപണം; ഇലോണ്‍ മസ്കിന് അതൃപ്തി
കുവൈത്തില്‍ യുഎസ് സൈനികര്‍ക്കെതിരായ ആക്രമണത്തിന് സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചെന്ന് ഇറാനെതിരെ ആരോപണം; ഇലോണ്‍ മസ്കിന് അതൃപ്തി
മാര്‍ച്ച് ഒന്നിന് കുവൈത്തിലെ പോര്‍ട്ട് ഷുഐബയിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം നടത്തിയതിന് പിന്നാലെ മാര്‍ച്ചിലെ ആദ്യവാരത്തിലാണ് സ്റ്റാര്‍ലിങ്കിന്റെ അനധികൃത ഉപയോഗം മസ്കിന്റെ ശ്രദ്ധയില്‍പ്പെട്ടത്
ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സംവിധാനം ഇറാന് യുഎസ് സൈനികര്‍ക്കെതിരായ സൈനിക നീക്കങ്ങള്‍ക്ക് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈനികരുടെ നീക്കങ്ങള്‍ ഏകോപിപ്പിക്കാനും ആളില്ലാ ആക്രമണ ഡ്രോണുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്.
അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം നടത്തിയതിന് പിന്നാലെ മാര്‍ച്ചിലെ ആദ്യവാരത്തിലാണ് സ്റ്റാര്‍ലിങ്കിന്റെ അനധികൃത ഉപയോഗം മസ്കിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇറാനുമായി ബന്ധമുള്ള സൈനിക നീക്കങ്ങള്‍ക്ക് സ്റ്റാര്‍ലിങ്ക് ഉപയോഗിച്ചതായി സ്പേസ് എക്സിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ മസ്ക് കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
മാര്‍ച്ച് ഒന്നിന് കുവൈത്തിലെ പോര്‍ട്ട് ഷുഐബയിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആക്രമണത്തിന് സ്റ്റാര്‍ലിങ്കിന്റെ ഉപയോഗവുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഇറാന്റെ സ്റ്റാര്‍ലിങ്ക് ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് കൈമാറിയ രഹസ്യ റിപ്പോര്‍ട്ടിലും ഉള്‍പ്പെട്ടിരുന്നതായാണ് വിവരം. അതേസമയം, ഇത്തരമൊരു റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്നാണ് പെന്റഗണ്‍ വക്താവ് പ്രതികരിച്ചത്. സ്പേസ് എക്സും മസ്കും വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.