നേതാക്കൾ കൊല്ലപ്പെട്ടാലും ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ തകരില്ല : വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
നേതാക്കൾ കൊല്ലപ്പെട്ടാലും ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ തകരില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാൻ സുരക്ഷ കൗൺസിൽ മേധാവി അലി ലാരിജാനി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ കൊല്ലപ്പെട്ടത് രാജ്യത്തിന്റ ഭരണസംവിധാനത്തെയോ സുരക്ഷാ നയങ്ങളെയോ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇറാന്റെ ഭരണക്രമം ഏതെങ്കിലും വ്യക്തികളെ കേന്ദ്രീകരിച്ചല്ല, മറിച്ച് വ്യവസ്ഥാപിതമായ രീതികളിലാണ്. പരമോന്നത നേതാവ് അലി ഖാംനഇ കൊല്ലപ്പെട്ടതിനു ശേഷവും ഭരണസംവിധാനങ്ങളുടെ പ്രവർത്തനം തുടർന്നു. നേതാക്കൾക്ക് നേരെയുള്ള ആക്രമണം രാജ്യത്തിന്റെ പ്രതിരോധത്തെ ബാധിക്കുകയില്ല' - അരാഗ്ചി കൂട്ടിച്ചേർത്തു. വർഷങ്ങളോളം രാജ്യത്തെ സേവിച്ച അലി ലാരിജാനിയുടെ വിയോഗം നികത്താനാകാത്തതാണെങ്കിലും ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്റെ നട്ടെല്ലൊടിക്കുമെന്നാണ് ശത്രുക്കൾ കരുതുന്നതെങ്കിൽ അവർക്ക് തെറ്റുപറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.