ഇനി ഐഫോണുകള്‍ മാത്രം ഉപയോഗിച്ചാല്‍ മതി'; മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവുമായി ഐഡിഎഫ്

 


ജെറുസലേം: ഇസ്രയേൽ സൈന്യത്തിലെ  ലെഫ്റ്റനന്‍റ് കേണൽ റാങ്ക് മുതൽ അതിന് മുകളിലുള്ള എല്ലാ മുതിർന്ന ഉദ്യോഗസ്ഥരും ഇനി ഔദ്യോഗിക ആശയവിനിമയത്തിനായി ഐഫോണുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് ഉത്തരവ്. സുരക്ഷാ കാരണങ്ങളാൽ സീനിയര്‍ ഓഫീസര്‍മാര്‍ക്ക് ആൻഡ്രോയ്‌ഡ് ഫോണുകൾ പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ് ഇസ്രയേല്‍ പ്രതിരോധ സേന. നിരവധി ഡിജിറ്റൽ ലംഘനങ്ങൾക്കും സൈന്യത്തിനുള്ളിൽ സൈബർ ചാരവൃത്തി വർധിച്ചതിനും പിന്നാലെയാണ് ഈ തീരുമാനമെന്ന് ഫോബ്‌സിന്‍റെ വാര്‍ത്തയില്‍ പറയുന്നു

ആൻഡ്രോയ്‌ഡ് ഉപകരണങ്ങളില്‍ സൈബർ നുഴഞ്ഞുകയറ്റത്തിന് സാധ്യത കൂടുതലാണെന്ന് ഇസ്രയേല്‍ കണക്കാക്കുന്നതായി ആര്‍മി റേഡിയോ റിപ്പോർട്ട് ചെയ്‌തതായി ദി ജെറുസലേം പോസ്റ്റിന്‍റെ വാര്‍ത്തയില്‍ പറയുന്നു. സമീപ വർഷങ്ങളിൽ, സൈനികരെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടുള്ള നിരവധി ഹണിപോട്ട് ആക്രമണങ്ങൾ ഇസ്രയേലില്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് ഫോണുകളിലേക്ക് മാൽവെയറുകൾ കടത്തിവിട്ട് സ്ഥലവും സെൻസിറ്റീവ് ഡാറ്റയും കവർന്നു എന്നാണ് റിപ്പോർട്ടുകൾ. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം സൈനിക ആവശ്യങ്ങൾക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഐഫോണുകൾ മാത്രമേ ഉപയോഗിക്കാവൂ. പ്രവർത്തനപരമോ കമാൻഡ് സംബന്ധമായതോ ആയ പ്രവർത്തനങ്ങൾക്ക് ആൻഡ്രോയ്‌ഡ് ഫോണുകൾ അനുവദിക്കില്ല. ഈ സൈനിക ഉദ്യോഗസ്ഥര്‍ക്ക് ആൻഡ്രോയിഡ് ഉപകരണങ്ങൾ വ്യക്തിഗത ഉപയോഗത്തിന് മാത്രമേ അനുവദിക്കൂ.

ഏറ്റവും സുരക്ഷിതമായ സ്‌മാര്‍ട്ട്‌ഫോണുകള്‍ ആന്‍ഡ്രോയ്‌ഡാണ് എന്ന് ഗൂഗിള്‍ പ്രചാരണം നടത്തുന്നതിനിടെയാണ് ഇസ്രയേല്‍ സൈന്യം ഐഫോണുകള്‍ക്ക് കൈകൊടുക്കുന്നത്. യുഎസ് പ്രതിരോധ വകുപ്പിന്‍റെ (DoDIN) സുരക്ഷാ പട്ടികയിൽ പിക്‌സൽ സ്‌മാർട്ട്‌ഫോൺ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഗൂഗിൾ അടുത്തിടെ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേലിന്‍റെ ഈ തീരുമാനം എന്നതാണ് ശ്രദ്ധേയം. പിക്‌സലിൽ അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെന്ന് ഗൂഗിൾ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇസ്രയേൽ പ്രതിരോധ സേന പറയുന്നത് ആന്‍ഡ്രോയ്‌ഡ് സ്‌മാര്‍ട്ട്‌ഫോണുകളേക്കാള്‍ സുരക്ഷ ഐഫോണുകള്‍ക്കാണ് എന്നാണ്.
ഐഫോൺ കൂടുതൽ സുരക്ഷിതമാണെന്ന് ഐഡിഎഫ് ഗവേഷണം

ഫോണുകളുടെ സുരക്ഷ സംബന്ധിച്ച് വർഷങ്ങളായി ഐഡിഎഫ് നിരവധി ആഭ്യന്തര സുരക്ഷാ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട വ്യാജ അക്കൗണ്ടുകളുടെ രൂപത്തിൽ വ്യാജ സൈബർ കെണികൾ സൃഷ്‍ടിച്ച് ഇസ്രയേല്‍ സൈനികരുടെ ഡിജിറ്റൽ ജാഗ്രത ഐഡിഎഫ് പരീക്ഷിച്ചു. ആൻഡ്രോയ്‌ഡ് ഉപകരണങ്ങൾ കൂടുതൽ ദുർബലമാണെന്ന് ഈ പരീക്ഷണങ്ങൾ കണ്ടെത്തിയതായി ഫോബ്‌സിന്‍റെ വാര്‍ത്തയില്‍ പറയുന്നു.