16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കി ഇന്തോനേഷ്യ
ജക്കാർത്ത: കുട്ടികളുടെ സുരക്ഷ മുൻനിർത്തി 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ വിലക്കേർപ്പെടുത്തി ഇന്തോനേഷ്യ. ഈ മാസം ആദ്യം അംഗീകരിച്ച പുതിയ സർക്കാർ നിയമം ശനിയാഴ്ച മുതൽ നടപ്പിലാക്കിത്തുടങ്ങി. ഇതോടെ, കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിക്കുന്ന തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യ രാജ്യമായി ഇന്തോനേഷ്യ മാറി.
യൂട്യൂബ്, ടിക്‌ടോക്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്‌സ്, ത്രെഡ്‌സ്, ബിഗോ ലൈവ്, റോബ്ലോക്സ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്കെല്ലാം ഈ നിരോധനം ബാധകമാണ്. കഴിഞ്ഞ വർഷം ആസ്‌ട്രേലിയ നടപ്പിലാക്കിയ സമാനമായ നിയമത്തിന് പിന്നാലെയാണ് ഇന്തോനേഷ്യയുടെ ഈ നിർണ്ണായക നീക്കം.
കുട്ടികൾക്കിടയിലെ ഇൻ്റർനെറ്റ് അടിമത്തം കുറക്കാനും സൈബർ ബുള്ളിയിം, ഓൺലൈൻ തട്ടിപ്പുകൾ, അശ്ലീല ദൃശ്യങ്ങൾ എന്നിവയിൽ നിന്ന് അവരെ സംരക്ഷിക്കാനുമാണ് ഈ നടപടിയെന്ന് ഇന്തോനേഷ്യൻ കമ്മ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ അഫയേഴ്സ് മന്ത്രി മ്യൂട്ടിയ ഹാഫിദ് പറഞ്ഞു. ‘ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ഇന്തോനേഷ്യയിൽ പ്രവർത്തിക്കുന്ന എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണ്’ മന്ത്രി വ്യക്തമാക്കി. രാജ്യത്തെ ഏകദേശം 7 കോടിയോളം കുട്ടികളെ ഈ നിയമം നേരിട്ട് ബാധിക്കും.
നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പല കമ്പനികളും ഇതിനകം നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇന്തോനേഷ്യയിലെ ഉപയോക്താക്കളുടെ കുറഞ്ഞ പ്രായപരിധി 16 ആയി ഉയർത്തി. ഇത് തങ്ങളുടെ താല്പര്യമല്ലെന്നും ഇന്തോനേഷ്യൻ നിയമം അനുസരിക്കുകയാണെന്നും എക്സ് അറിയിച്ചു. സർക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങളുമായി സഹകരിക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും യൂട്യൂബ്, ടിക്‌ടോക് കമ്പനികൾ വ്യക്തമാക്കി.