ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തില്‍
വ്യാപാര കരാറിന്റെ ആദ്യഘട്ടം ഈ വര്‍ഷം അവസാനത്തോടെ തന്നെ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ മത്സരിക്കുന്ന മറ്റ് രാജ്യങ്ങളേക്കാള്‍ കുറഞ്ഞ ഇറക്കുമതി തീരുവയാകും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തുക
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കി. കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക മുന്‍ഗണന ലഭിക്കുമെന്നതാണ് ഇതിലെ പ്രധാന വാഗ്ദാനം. ഈജിപ്ത് സന്ദര്‍ശനത്തിനിടെ കെയ്റോയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ മത്സരിക്കുന്ന മറ്റ് രാജ്യങ്ങളേക്കാള്‍ കുറഞ്ഞ ഇറക്കുമതി തീരുവയാകും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തുക. ഇത് അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കും. എന്നാല്‍, തീരുവ എത്ര ശതമാനമായിരിക്കും എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും അമേരിക്കയുടെ പുതിയ തീരുവ നയങ്ങള്‍ക്കനുസരിച്ച് ഇതില്‍ വ്യക്തത വരുമെന്നും മന്ത്രി അറിയിച്ചു.
വ്യാപാര കരാറിന്റെ ആദ്യഘട്ടം ഈ വര്‍ഷം അവസാനത്തോടെ തന്നെ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറില്‍ മയാമിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിക്കുന്നുണ്ട്. ഈ സന്ദര്‍ശന വേളയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ കരാറിന്റെ ആദ്യഘട്ടം സംബന്ധിച്ച് നിര്‍ണ്ണായക ധാരണയുണ്ടായേക്കുമെന്നാണ് സൂചന. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ വിജയകരമായി മുന്നോട്ട് പോവുകയാണെന്നും ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണകരമായ മികച്ചൊരു കരാറായിരിക്കും ഇതെന്നും പീയുഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.