ഇന്ത്യ - പാക് ആണവയുദ്ധ സാധ്യത അവസാനിപ്പിച്ചു; ഡോണൾഡ് ട്രംപ്
വാഷിഗ്ടൺ: ആണവ യുദ്ധത്തിലേക്ക് നീങ്ങിയിരുന്ന ഇന്ത്യ- പാകിസ്താൻ സംഘർഷം താൻ ഇടപെട്ട് തടഞ്ഞെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘർഷങ്ങൾ അവസാനിപ്പിക്കാനായി താൻ ഇടപെട്ടുവെന്ന് നേരത്തെയും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ ഇതിനെ പൂർണമായും തള്ളിയിരുന്നു. ഇതിനിടെയാണ് വീണ്ടും അവകാശവാദം ആവർത്തിച്ച് ട്രംപ് പ്രസ്താവന നടത്തുന്നത്.
നാല് ദിവസം നീണ്ട ഇന്ത്യ- പാക് ആണവ യുദ്ധം താൻ തടഞ്ഞുവെന്നും എട്ട് വിമാനങ്ങൾ വെടിവെച്ചിട്ടുവെന്നുമാണ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞത്.'ഞാൻ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു. തായ്‌ലൻഡും കംബോഡിയയുമായുള്ള പ്രശ്‌നങ്ങൾ കുറഞ്ഞു തുടങ്ങി. വളരെ നല്ലനിലയിലേക്ക് അത് പോകുന്നുവെന്നാണ് കരുതുന്നത്. പാകിസ്താനും ഇന്ത്യയും തമ്മിൽ നടക്കേണ്ടിയിരുന്ന ആണവ യുദ്ധം ഞാൻ തടഞ്ഞു. പ്രസിഡന്റ് ട്രംപ് 10 ദശലക്ഷം ആളുകളുടെയോ അതിലധികം ആളുകളുടെയോ ജീവൻ രക്ഷിച്ചുവെന്നാണ് പാക് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. എട്ട് വിമാനങ്ങളാണ് അന്ന് വെടിവെച്ചിട്ടത്. ആ യുദ്ധം രൂക്ഷമാകുന്നതിന് മുമ്പ് എനിക്ക് തടയാനായി. എന്നാൽ റഷ്യ- യുക്രെയ്ൻ യുദ്ധം മാത്രം ഇതുവരെ പരിഹരിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.' ട്രംപ് പറഞ്ഞു.
എന്നാൽ ട്രംപിന്റെ അവകാശവാദത്തെ മുമ്പ് തന്നെ ഇന്ത്യ തള്ളിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കൻ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഇന്ത്യ ഒരു മൂന്നാം കക്ഷിയുടെ മധ്യസ്ഥത അംഗീകരിച്ചിരുന്നില്ലെന്ന് പാക് വിദേശകാര്യ മന്ത്രി അസ്ഹാഖ് ധർ പറഞ്ഞിരുന്നു.