കലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജ കുത്തേറ്റ് കൊല്ലപ്പെട്ടു ; മകള്‍ക്ക് പരുക്ക്
ആക്രമണത്തില്‍ പരുക്കേറ്റ മകള്‍ മീര വര്‍മ്മ ചികിത്സയിലാണ്.
Apr 23, 2026, 13:00 IST
ബ്രെറ്റ് ഹാര്‍ട്ട് എലിമെന്ററി സ്‌കൂളിലെ അധ്യാപികയായ ആര്‍തി വര്‍മ്മയാണ് കൊല്ലപ്പെട്ടത്
കലിഫോര്‍ണിയയിലെ ബര്‍ബാങ്കില്‍ ഇന്ത്യന്‍ വംശജയായ അധ്യാപിക കുത്തേറ്റു മരിച്ചു. ബ്രെറ്റ് ഹാര്‍ട്ട് എലിമെന്ററി സ്‌കൂളിലെ അധ്യാപികയായ ആര്‍തി വര്‍മ്മയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരുക്കേറ്റ മകള്‍ മീര വര്‍മ്മ ചികിത്സയിലാണ്.
ഏപ്രില്‍ 20ന് ബര്‍ബാങ്കിലെ നോര്‍ത്ത് ബ്രൈറ്റണ്‍ സ്ട്രീറ്റിലുള്ള ഇവരുടെ വസതിയിലാണ് സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ഇരുവരേയും കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.
സംഭവത്തില്‍ സെര്‍ജിയോ ഫ്രെയറിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിക്ക് കുടുംബവുമായി മുന്‍പരിചയമുണ്ടോ എന്നോ ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണമെന്തെന്നോ വ്യക്തമായിട്ടില്ല. ആര്‍തിയുടെ ഭര്‍ത്താവ് ഈ സമയത്ത് ഇന്ത്യയിലായിരുന്നു. എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് ഈ സംഭവം.