ലണ്ടനിലെ ഇന്ത്യന്‍ റസ്റ്റോറന്റിന് തീവച്ചു ; അഞ്ചു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

 

പൊലീസ് രണ്ട് പേരെ പിടികൂടി. ഇവരിലൊരാള്‍ 15 വയസുകാരനും ഒരാള്‍ 54 വയസുകാരനുമാണ്.

ലണ്ടനിലെ ഇന്ത്യന്‍ റസ്റ്റോറന്റിന് തീവച്ചു. ഇല്‍ഫോര്‍ഡിലെ ഇന്ത്യന്‍ അരോമ റെസ്റ്റോറന്റിനാണ് തീവച്ചത്. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവവുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റന്‍ പൊലീസ് രണ്ട് പേരെ പിടികൂടി. ഇവരിലൊരാള്‍ 15 വയസുകാരനും ഒരാള്‍ 54 വയസുകാരനുമാണ്. രണ്ടുപേര്‍ റസ്റ്റോറന്റില്‍ കയറി നിലത്ത് ദ്രാവകം ഒഴിക്കുന്നതും പിന്നീട് തീയിടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.


ഫയര്‍ഫോഴ്സ് എത്തുന്നതിന് മുമ്പ് ഹോട്ടലിന് അകത്തുണ്ടായിരുന്ന ഒമ്പത് പേര്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു. റെസ്റ്റോറന്റിന്റെ താഴത്തെ നില പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ ഫോഴ്‌സ് എത്തിയ ശേഷം റെസ്റ്റോറന്റില്‍ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി. പൊലീസ് എത്തുന്നതിന് മുന്‍പ് ഇവിടെ നിന്നും രക്ഷപ്പെട്ട രണ്ട് പേരെ കൂടി പൊലീസ് തിരയുന്നുണ്ട്. അന്വേഷണത്തില്‍ സഹായിക്കാന്‍ കൂടുതല്‍ വിവരം അറിയുന്നവര്‍ മുന്നോട്ട് വരണമെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് ആവശ്യപ്പെട്ടു.