കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു ; പ്രതികള്‍ക്കായി തിരച്ചില്‍


ഗുരുതരമായി പരിക്കേറ്റ ശിവങ്ക് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.

 

എംബിബിഎസിന് പഠിക്കുന്ന ശിവങ്ക് അവസ്തിയാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

കാനഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. എംബിബിഎസിന് പഠിക്കുന്ന ശിവങ്ക് അവസ്തിയാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.


ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ കാമ്പസിന് സമീപമുള്ള ഹൈലാന്‍ഡ് ക്രീക്ക് ട്രയല്‍ ഭാഗത്താണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ വെടിയേറ്റ നിലയില്‍ ശിവങ്കിനെ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയുടെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രാദേശിക അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു. ഹൈലാന്‍ഡ് ക്രീക്ക് ട്രയലിനും ഓള്‍ഡ് കിങ്സ്റ്റണ്‍ റോഡിനും സമീപം ഒരാള്‍ക്ക് പരിക്കേറ്റതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.


ഗുരുതരമായി പരിക്കേറ്റ ശിവങ്ക് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. പ്രതികളെ കണ്ടെത്താനായി പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. വിവരങ്ങള്‍ ലഭിക്കുന്നവര്‍ പൊലീസുമായോ ക്രൈം സ്റ്റോപ്പേഴ്സുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ടൊറന്റോ സര്‍വകലാശാലയിലെ വെടിവെപ്പില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി ശിവങ്ക് അഴസ്തിയുടെ ദാരുണമായ മരണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി കോണ്‍സുലേറ്റ് എക്സില്‍ കുറിച്ചു.
ഒരാഴ്ചയ്ക്കിടെ ടൊറന്റോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൗരനാണ് ശിവങ്ക്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ വംശജയായ 30 കാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ടൊറന്റോ സ്വദേശിയായ ഹിമാന്‍ഷി ഖുറാനയാണ് മരിച്ചത്.