പശ്ചിമേഷ്യൻ സംഘർഷം ഹോർമൂസ്ൽ 5 ഇന്ത്യൻ എൽപിജി കപ്പലുകൾ കുടുങ്ങിക്കിടക്കുന്നു

പശ്ചിമേഷ്യൻ  സംഘർഷത്തെത്തുടർന്ന് ഇന്ത്യയിലേക്കുള്ള അഞ്ച് എൽപിജി കപ്പലുകൾ ഹോർമൂസ് കടലിടുക്കിന് സമീപം നങ്കൂരമിട്ടു. ദുബായ്ക്കും റാസൽഖൈമയ്ക്കും വടക്കായി കടലിടുക്കിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്താണ് ഈ കപ്പലുകൾ നിലയുറപ്പിച്ചിരിക്കുന്നത്.

 


ന്യൂഡൽഹി: പശ്ചിമേഷ്യൻ  സംഘർഷത്തെത്തുടർന്ന് ഇന്ത്യയിലേക്കുള്ള അഞ്ച് എൽപിജി കപ്പലുകൾ ഹോർമൂസ് കടലിടുക്കിന് സമീപം നങ്കൂരമിട്ടു. ദുബായ്ക്കും റാസൽഖൈമയ്ക്കും വടക്കായി കടലിടുക്കിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്താണ് ഈ കപ്പലുകൾ നിലയുറപ്പിച്ചിരിക്കുന്നത്.

ഏകദേശം 1.7 ലക്ഷം ടൺ പാചകവാതകം ഈ കപ്പലുകളിലുണ്ടെന്നാണ് റിപ്പോർട്ട്. യുദ്ധം രൂക്ഷമായതോടെ കടലിടുക്കിലൂടെയുള്ള യാത്ര അതീവ അപകടകരമായതാണ് കപ്പലുകൾ യാത്ര തടസ്സപ്പെടാൻ കാരണം. ഇന്ത്യൻ പതാക വഹിച്ചുള്ള ഈ കപ്പലുകൾ സുരക്ഷിതമായി പുറത്തെത്തിക്കാൻ കേന്ദ്ര സർക്കാർ ഇറാനുമായി നയതന്ത്ര ചർച്ചകൾ നടത്തിവരികയാണ്.

സുരക്ഷാ കാരണങ്ങളാൽ കപ്പലുകൾ കൂട്ടമായി യാത്ര തിരിക്കാനാണ് പദ്ധതിയെന്ന് കപ്പൽ ഗതാഗത മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ കപ്പലുകൾ ഇറാൻ തീരത്തുകൂടിയുള്ള പ്രത്യേക പാതയിലൂടെ ഇന്ത്യയിലെത്തിയിരുന്നു.

സമാനമായ രീതിയിൽ ബാക്കിയുള്ള അഞ്ച് കപ്പലുകളെയും പുറത്തെത്തിക്കാനാണ് ശ്രമം. ഇന്ത്യയുടെ 90 ശതമാനം എൽപിജി ഇറക്കുമതിയും ഈ പാത വഴിയാണ് നടക്കുന്നത്. കപ്പലുകൾ വൈകുന്നത് രാജ്യത്തെ പാചകവാതക സ്റ്റോക്കിനെ ബാധിച്ചേക്കാം. ഹോർമൂസ് കടലിടുക്ക് വഴി അമേരിക്ക, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇറാൻ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക് നിബന്ധനകളോടെ കടന്നുപോകാൻ അനുമതി നൽകിയിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരം ഉണ്ടെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

സ്ഥിതിഗതികൾ നിരീക്ഷിക്കാൻ വിദേശകാര്യ മന്ത്രാലയവും ഷിപ്പിംഗ് മന്ത്രാലയവും സംയുക്തമായി കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ ഈ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.