മോസ്‌കോയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു
റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ യുക്രെയ്ൻ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും മൂന്ന് ഇന്ത്യക്കാർക്ക് പരുക്കേൽക്കുകയും ചെയ്തതായി മോസ്‌കോയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഇന്ത്യക്കാരടക്കം ആകെ നാല് പേർ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പരുക്കേറ്റ ഇന്ത്യക്കാരെ എംബസി ഉദ്യോഗസ്ഥർ ആശുപത്രിയിൽ സന്ദർശിച്ചു. ഇവരുടെ കമ്പനി മാനേജ്‌മെന്റുമായും പ്രാദേശിക അധികാരികളുമായും ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സഹായങ്ങളും ഏകോപിപ്പിച്ചു വരികയാണെന്നും എംബസി വ്യക്തമാക്കി. കൊല്ലപ്പെട്ടയാളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മോസ്‌കോയ്ക്ക് വടക്കുള്ള ഖിംകിയിൽ വീടിന് മുകളിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരു സ്ത്രീയും, പൊഗോറെൽകി ഗ്രാമത്തിൽ രണ്ട് പുരുഷന്മാരും കൊല്ലപ്പെട്ടു. യുക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള ബെൽഗൊറോഡ് മേഖലയിൽ ഡ്രോൺ ട്രക്കിലിടിച്ച് ഒരാളും മരണപ്പെട്ടു. മോസ്‌കോയിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് സമീപമുള്ള പ്രദേശങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് മോസ്‌കോ മേയർ സെർജി സോബിയാനിൻ പറഞ്ഞു. എന്നാൽ റിഫൈനറിയുടെ സാങ്കേതിക സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല.