ഇന്ത്യയുമായി വ്യാപാരരംഗത്തെ സഹകരണം വർധിപ്പിക്കും,ഉഭയകക്ഷി ബന്ധത്തിലിടപെടാൻ മറ്റാരെയും അനുവദിക്കില്ല : റഷ്യ
ക്രെംലിൻ: ഇന്ത്യയുമായി വ്യാപാരരംഗത്തെ സഹകരണം വർധിപ്പിക്കുമെന്നും ഇരുവർക്കുമിടയിലുള ഉഭയകക്ഷി ബന്ധത്തിലിടപെടാൻ മറ്റാരെയും അനുവദിക്കില്ലെന്നും റഷ്യ. ഡിസംബർ ആദ്യവാരം ഇന്ത്യയിലെത്തുന്ന റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തൊഴിൽ കരാറിലും, ഇന്ത്യക്ക് എസ് -400 വ്യോമ പ്രതിരോധ സംവിധാനവും സുഖോയ് -57 യുദ്ധവിമാനങ്ങളും കൈമാറുന്നതും ചർച്ച ചെയ്യുമെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
‘ഇന്ത്യക്ക് മേൽ താരിഫ് ചുമത്തിയ അമേരിക്കയുടെ നടപടി ആ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ മാത്രം പ്രശ്നമാണ്. ഇന്ത്യ- റഷ്യ ഉഭയകക്ഷി ബന്ധവും വ്യാപാരവും എങ്ങനെ വർധിപ്പിക്കാമെന്നാണ് ഞങ്ങൾ ആലോചിക്കുന്നത്. അതിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല, അത് തീർച്ചയായും ചർച്ചയാവും,’ ദിമിത്രി പെസ്കോവ് കൂട്ടിച്ചേർത്തു. പുടിന്റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി റഷ്യൻ ന്യൂസ് ഏജൻസിയായ സ്പുട്നിക്കിനോട് പ്രതികരിക്കുകയായിരുന്നു പുടിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് കുടിയായ ദിമിത്രി പെസ്കോവ്.
‘ഇന്ത്യക്ക് മേൽ സമ്മർദ്ദമുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നു. ഇതൊക്കെ കൊണ്ടുതന്നെ, മൂന്നാംലോക രാജ്യങ്ങളുടെ സ്വാധീനത്തിൽ നിന്ന് മുക്തമായ ഒരു ബന്ധം രൂപകൽപ്പന ചെയ്യുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഇരുരാജ്യങ്ങൾക്കും ഇടയിൽ ബന്ധം ഊഷ്മളമാകണം. ഇരുരാജ്യങ്ങൾക്കും ഒരുപോലെ ഗുണം ചെയ്യുന്ന രീതിയിൽ ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കപ്പെടണം. ഇരുരാജ്യങ്ങൾക്കും മാത്രം നേട്ടമുണ്ടാകുന്ന വ്യാപാരങ്ങൾ അന്താരാഷ്ട്ര സമ്മർദ്ദങ്ങളിൽ നിന്ന് സുരക്ഷിതമാവണം. ഇന്ത്യ ദേശീയ താത്പര്യങ്ങളെ പ്രതിരോധിക്കുന്നതിൽ എക്കാലവും പരമാധികാരം പുലർത്തുന്ന രാജ്യമാണ്. ആ സവിശേഷതയെ റഷ്യ ആദരവോടെ കാണുന്നു. രാജ്യത്തിന്റെ പരമാധികാരമെന്നത് റഷ്യയെ സംബന്ധിച്ചും ഗൗരവതരമായ വിഷയമാണ്. ദേശീയ താൽപര്യത്തിൽ മറ്റാരും ഇടപെടുന്നത് റഷ്യക്കും അനുവദിക്കാനാവില്ല,’പെസ്കോവ് പറഞ്ഞു.