ഇന്ത്യയും പാക്കിസ്താനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടത്തണം : മിർവായിസ് ഉമർ ഫാറൂഖ്
ശ്രീനഗർ: ഇന്ത്യയും പാക്കിസ്താനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടത്തണമെന്ന് മിർവായിസ് ഉമർ ഫാറൂഖ് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിൽ ശ്രീലങ്കയിലും തായ്‍ലെൻഡിലും വച്ച് രഹസ്യ ചർച്ചകൾ നടക്കുന്നതായുള്ള അഭ്യൂഹങ്ങൾക്കിടെയാണ് മിർവായിസ് ഉമർ ഫാറൂഖിൻറെപ്രതികരണം. ശ്രീനഗറിലെ ജാമിയ മസ്ജിദിൽ വെള്ളിയാഴ്ച പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ ഇറാനും യു.എസും തമ്മിലുണ്ടാക്കിയ ധാരണാപത്രം ഉദ്ധരിച്ച അദ്ദേഹം, ഇന്ത്യയും പാകിസ്താനും നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് അഭ്യർഥിച്ചു. "പ്രാദേശിക സമാധാനത്തിന് ഇന്ത്യക്കും പാക്കിസ്താനും പ്രത്യേക ഉത്തരവാദിത്തമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചർച്ചകളൾ വീണ്ടും ആരംഭിക്കാൻ സാധിക്കും. സംഭാഷണങ്ങൾ തന്നെയാണ് ശാശ്വതമായ പരിഹാരങ്ങൾക്കുള്ള ഏറ്റവും വിശ്വസനീയമായ മാർഗ്ഗം " മിർവായിസ് പറഞ്ഞു. യു.എസും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന യുദ്ധം സൈനിക ശക്തിക്ക് പരിധികളുണ്ടെന്ന ഓർമ്മപ്പെടുത്തലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"യുദ്ധങ്ങൾക്ക് സാഹചര്യങ്ങളെ മാറ്റാനും വലിയ ദുരിതങ്ങൾ വിതയ്ക്കാനും സാധിക്കും, എന്നാൽ ശാശ്വതമായ സമാധാനത്തിന് ചർച്ചകളും ഒത്തുതീർപ്പും നയതന്ത്രജ്ഞതയും ആവശ്യമാണ്," അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താനും ഖത്തറും നടത്തുന്ന സമാധാന ശ്രമങ്ങളെ മിർവായിസ് പ്രശംസിച്ചു. നയതന്ത്രവും ചർച്ചകളും ബലഹീനതയുടെ ലക്ഷണങ്ങളല്ലെന്നും ബലപ്രയോഗത്തിലൂടെ മാത്രം തർക്കങ്ങൾ പരിഹരിക്കാനാവില്ലെന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളലാണെന്നും വ്യക്തമാക്കി.