നേപ്പാളില്‍ 14 സ്‌കൂളുകള്‍ നിര്‍മിക്കാന്‍ 56 കോടി അനുവദിച്ച് ഇന്ത്യ

2015-ലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ നേപ്പാളില്‍ ഏതാണ്ട് 9,000-ത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

 

56.02 കോടി രൂപയാണ് പദ്ധതിക്കായി ഇന്ത്യ ഗ്രാന്റായി നല്‍കുന്നത്

നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ വലിയ നാശനഷ്ടമുണ്ടായ എട്ട് ജില്ലകളില്‍ 14 പുതിയ സ്‌കൂളുകള്‍ നിര്‍മിക്കുമെന്ന് ഇന്ത്യ. ഇതിനായുള്ള ധനസഹായവും പ്രഖ്യാപിച്ചു. കരാറുകളില്‍ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയും നേപ്പാള്‍ വിദ്യാഭ്യാസ മന്ത്രാലയവും ഒപ്പുവെച്ചു. 56.02 കോടി രൂപയാണ് പദ്ധതിക്കായി ഇന്ത്യ ഗ്രാന്റായി നല്‍കുന്നത്. ഗോര്‍ഖ, നുവകോട്ട്, ധാഡിംഗ്, ദോലാഖ, കാഠ്മണ്ഡു, കാവ്രെപാലഞ്ചോക്ക്, രാമേഛാപ്പ്, സിന്ധുപാല്‍ചോക്ക് എന്നീ 8 ജില്ലകളിലാണ് പുതിയ സ്‌കൂളുകള്‍ നിര്‍മിക്കുന്നത്. 2015-ലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ നേപ്പാളില്‍ ഏതാണ്ട് 9,000-ത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

ഭൂകമ്പത്തെ പ്രതിരോധിക്കുന്ന രീതിയിലുള്ള നിര്‍മ്മാണ രീതിയാണ് അവലംബിക്കുകയെന്നാണ് വിവരം. ക്ലാസ് മുറികള്‍, ഫര്‍ണിച്ചറുകള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറി സൗകര്യങ്ങള്‍ എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയുടെ 'പോസ്റ്റ്-എര്‍ത്ത്ക്വേക്ക് റീക്കണ്‍സ്ട്രക്ഷന്‍' പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. നേരത്തെ ഇതേ പദ്ധതി പ്രകാരം 70 സ്‌കൂളുകളും ത്രിഭുവന്‍ സര്‍വകലാശാലാ ലൈബ്രറിയും ഇന്ത്യ നിര്‍മ്മിച്ച് നല്‍കിയിരുന്നു. അയല്‍രാജ്യം എന്ന നിലയില്‍ നേപ്പാളിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിലും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.