വിദേശ തൊഴിലാളികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട പിഇആഎം പ്രോഗ്രാമില്‍ നിന്ന് ഇന്‍ഫോസിസ്, ടി.സി.എസ്, വിപ്രോ, എച്ച്.സി.എല്‍ തുടങ്ങിയ കമ്പനികള്‍ക്ക് സസ്‌പെന്‍ഷന്‍
വിദേശ തൊഴിലാളികള്‍ക്കായി തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിന് തൊഴിലുടമകള്‍ക്ക് സാധാരണയായി ആവശ്യമായ തൊഴില്‍ സര്‍ട്ടിഫിക്കേഷനാണ് പിഇആഎം.
സിസ്റ്റം ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് നടപടി.
വിദേശ തൊഴിലാളികള്‍ക്ക് സ്ഥിരതാമസത്തിനായുള്ള ഗ്രീന്‍ കാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട പിഇആഎം (PERM) പ്രോഗ്രാമില്‍ നിന്ന് ഇന്‍ഫോസിസ്, ടി.സി.എസ്, വിപ്രോ, എച്ച്.സി.എല്‍ തുടങ്ങിയ ലോകത്തെ മുന്‍നിര ഐ.ടി ഔട്ട്സോഴ്‌സിങ് കമ്പനികളെ യുഎസ് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. സിസ്റ്റം ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് നടപടി. വിദേശ തൊഴിലാളികള്‍ക്കായി തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിന് തൊഴിലുടമകള്‍ക്ക് സാധാരണയായി ആവശ്യമായ തൊഴില്‍ സര്‍ട്ടിഫിക്കേഷനാണ് പിഇആഎം.
പ്രസ്തുത തൊഴിലിനായി യോഗ്യരും സന്നദ്ധരുമായ അമേരിക്കന്‍ തൊഴിലാളികള്‍ ലഭ്യമല്ലെന്നും, വിദേശ തൊഴിലാളികളെ നിയമിക്കുന്നത് അമേരിക്കന്‍ തൊഴിലാളികളുടെ വേതനത്തെയോ തൊഴില്‍ സാഹചര്യത്തെയോ ബാധിക്കില്ലെന്നും തൊഴിലുടമകള്‍ ഈ പ്രോഗ്രാമിലൂടെ യു.എസ് ലേബര്‍ വകുപ്പിന് തെളിയിക്കേണ്ടതുണ്ട്. അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യന്‍ പ്രൊഫഷണലുകളെ ആശ്രയിക്കുന്ന പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനികളെ ഈ നടപടി പ്രതികൂലമായി ബാധിക്കും. താല്‍ക്കാലിക തൊഴില്‍ പദവിയില്‍ നിന്ന് സ്ഥിരതാമസത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ജീവനക്കാരെയും ഇത് ബാധിച്ചേക്കാം.
എങ്കിലും, എച്ച്-1ബി വിസകളെ ഈ നടപടി ബാധിക്കില്ലെന്നും ഈ കമ്പനികള്‍ക്ക് എച്ച്-1ബി ജീവനക്കാരെ ജോലിക്ക് വെക്കുന്നത് തടയുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.