അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വന്‍തോതിലുള്ള ആക്രമണം ; ടെഹ്‌റാന്‍ ജനവാസ മേഖലയിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ച് ഇസ്രയേല്‍

വ്യോമാക്രമണങ്ങളിലൂടെയും ദീര്‍ഘദൂര മിസൈലുകളിലൂടെയും ഇറാനെ പ്രതിരോധത്തിലാക്കാമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍.

 

ഏറ്റവും കഠിനമായ ആക്രമണങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി

അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വന്‍തോതിലുള്ള ആക്രമണങ്ങള്‍ക്ക് അമേരിക്കയും ഇസ്രായേലും തയാറെടുക്കുന്നു. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അതിശക്തമായ പ്രഹരം ഏല്‍പ്പിക്കാനാണ് പദ്ധതിയെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി ടെഹ്റാനിലെ ചില ജനവാസ മേഖലകളില്‍ നിന്നും താമസക്കാരോട് ഉടന്‍ ഒഴിഞ്ഞുപോകാണമെന്ന് ഇസ്രായേല്‍ സൈന്യം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഏറ്റവും കഠിനമായ ആക്രമണങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ഇറാനെതിരെയുള്ള സൈനിക നടപടികള്‍ ലക്ഷ്യം കാണുമെന്നും എന്നാല്‍ ഇതിനായി കരസേനയെ ഇറക്കേണ്ട സാഹചര്യം ട്രംപ് ഭരണകൂടം കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യോമാക്രമണങ്ങളിലൂടെയും ദീര്‍ഘദൂര മിസൈലുകളിലൂടെയും ഇറാനെ പ്രതിരോധത്തിലാക്കാമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. മേഖലയിലെ യുഎസ് പൗരന്മാരോട് അതീവ ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇറാന്‍ തൊടുത്തുവിട്ട മിസൈലുകള്‍ തങ്ങളുടെ പരിധിയില്‍ എത്തിയതായി ഇസ്രായേലും യുഎഇയും സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഇറാനിലും തെക്കന്‍ ലെബനനിലും ഇസ്രായേല്‍ പുതിയ ഘട്ട വ്യോമാക്രമണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച ആരംഭിച്ച സംയുക്ത സൈനിക നീക്കത്തില്‍ ഇതുവരെ 1,500-ലധികം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായാണ് ഇസ്രായേലിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.