‘പിന്നോട്ടു പോകരുത്, അവസാന പന്ത് വരെ പോരാടണം’ : അണികളോട് ഇമ്രാൻ ഖാൻ
ഇസ്‌ലാമാബാദ്: പിന്നോട്ടു പോകരുതെന്നും അവസാന പന്ത് വരെ പോരാടാനും അണികൾക്കു നിർദേശം നൽകി തടവിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ‘‘എന്റെ ടീമിന് എന്റെ സന്ദേശം വളരെ വ്യക്തമാണ്.
ഇസ്‌ലാമാബാദ്: പിന്നോട്ടു പോകരുതെന്നും അവസാന പന്ത് വരെ പോരാടാനും അണികൾക്കു നിർദേശം നൽകി തടവിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ‘‘എന്റെ ടീമിന് എന്റെ സന്ദേശം വളരെ വ്യക്തമാണ്.
അവസാന പന്ത് വരെ പോരാടൂ. നമ്മുടെ ആവശ്യങ്ങൾ പൂർണമായി നിറവേറ്റുന്നതു വരെ നമ്മൾ പിന്നോട്ടു പോകില്ല. ഇതുവരെ പ്രതിഷേധ മാർച്ചിൽ പങ്കുചേരാത്തവർ ഇസ്‌ലാമാബാദിലെ ഡി-ചൗക്കിൽ എത്തണം. സമാധാനപരമായ പ്രതിഷേധത്തിനു വേണ്ടി, ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ ആരും പിരിഞ്ഞുപോകരുത്’’ – ഇമ്രാൻ പറഞ്ഞു. ഒന്നിലധികം കേസുകളിൽ 2023 ഓഗസ്റ്റ് മുതൽ തടവിൽ കഴിയുന്ന റാവൽപിണ്ടിയിലെ അഡിയാല ജയിലിൽനിന്നായിരുന്നു ഇമ്രാന്റെ ഈ സന്ദേശം.
‘എനിക്കു വ്യക്തമായ സന്ദേശമുണ്ട്. സൈനിക കോടതികളിൽ വിചാരണ ചെയ്യുമെന്ന് എന്നെ ഭീഷണിപ്പെടുത്തുന്നവരോട്, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യുക. ഞാൻ എന്റെ നിലപാടിൽനിന്നു പിന്മാറില്ല.
നിങ്ങളുടെ ക്രൂരതകൾക്കിടയിലും ഞങ്ങളുടെ ആളുകൾ സമാധാനപരമായി നിലകൊള്ളുക മാത്രമല്ല, പരുക്കേറ്റ പൊലീസുകാരെയും ആക്രമണം നടത്തിയ റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥരെയും ആശുപത്രിയിലെത്തിക്കാൻ സഹായിക്കുകയും ചെയ്തു. പിന്തുണ നൽകുകയും ഫണ്ട് അയയ്ക്കുകയും, ചരിത്രത്തിൽ രേഖപ്പെടുത്തുന്ന പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്ന പ്രവാസികളായ പാക്കിസ്ഥാനികൾക്കും ഏറെ അഭിനന്ദനം’ – ഇമ്രാൻ വ്യക്തമാക്കി.