ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗമാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് പിന്തുണയറിയിച്ച് ഇമ്മാനുവല്‍ മക്രോണ്‍

സുരക്ഷാ കൗണ്‍സില്‍ വിപുലീകരിക്കുന്നതിനെ ഫ്രാന്‍സ് പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗമാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് പിന്തുണയുമായി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും പ്രതിനിധാനം ചെയ്യുന്നതുമാക്കാന്‍ കൗണ്‍സിലിനെ വിപുലീകരിക്കുന്നതിന് പൂര്‍ണ പിന്തുണയുണ്ടെന്ന് മാക്രോണ്‍ പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മക്രോണ്‍. 

സുരക്ഷാ കൗണ്‍സില്‍ വിപുലീകരിക്കുന്നതിനെ ഫ്രാന്‍സ് പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജര്‍മ്മനി, ജപ്പാന്‍, ഇന്ത്യ, ബ്രസീല്‍ എന്നിവ സ്ഥിരം അംഗങ്ങളാകണം. ആഫ്രിക്കയെ പ്രതിനിധീകരിക്കുന്ന രണ്ട് രാജ്യങ്ങളും സ്ഥിരാംഗങ്ങളായി ഉണ്ടാകണം എന്നും മക്രോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതുകൊണ്ട് മാത്രം കൗണ്‍സിലിനെ ഫലപ്രദമായി നവീകകരിക്കാനാകില്ല. പകരം പ്രവര്‍ത്തന രീതികളില്‍ മാറ്റം വരുത്തണം. വലിയ കുറ്റകൃത്യങ്ങളില്‍ വീറ്റോ ചെയ്യാനുള്ള അവകാശം പരിമിതപ്പെടുത്തുകയും സമാധാനം നിലനിര്‍ത്തുന്നതിനാവശ്യമായ തീരുമാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. അടിത്തട്ടില്‍ ശക്തമായി പ്രവര്‍ത്തിക്കേണ്ട സമയം എത്തിയിരിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.