‘എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു, അനധികൃത കുടിയേറ്റം തടഞ്ഞു ’; ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ട്രംപ്

ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.  മയക്കുമരുന്ന് കടത്ത് 90 ശതമാനം വരെ ഇല്ലാതാക്കാൻ കഴിഞ്ഞുവെന്നും , അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികൾ ശക്തിപ്പെടുത്തിയതോടെ രാജ്യം കൂടുതൽ സുരക്ഷിതമായതായും അദ്ദേഹം അവകാശപ്പെട്ടു
 

ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.  മയക്കുമരുന്ന് കടത്ത് 90 ശതമാനം വരെ ഇല്ലാതാക്കാൻ കഴിഞ്ഞുവെന്നും , അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികൾ ശക്തിപ്പെടുത്തിയതോടെ രാജ്യം കൂടുതൽ സുരക്ഷിതമായതായും അദ്ദേഹം അവകാശപ്പെട്ടു. പത്ത് മാസത്തിനിടെ ലോകത്ത് എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതായും ട്രംപ് പറഞ്ഞു.

ബൈഡൻ ഭരണകാലത്തേക്കാൾ വിലക്കയറ്റം കുറയ്ക്കാൻ കഴിഞ്ഞതായും വേതനങ്ങൾ ഉയരുകയാണെന്നും ട്രംപ് വ്യക്തമാക്കി. സ്വകാര്യമേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചുവെന്നും അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ തൊഴിൽ ഉറപ്പാക്കാൻ കഴിഞ്ഞതായും നികുതിയിളവുകൾ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് പ്രതിവർഷം 11,000 ഡോളർ വരെ അധികമായി സമ്പാദിക്കാനാകുന്ന സാഹചര്യമുണ്ടായതായും ഇൻഷുറൻസ് കമ്പനികൾ അമിത ലാഭം നേടുന്നതിനുപകരം, കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കിയതായും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ പരാമർശങ്ങൾ.