ഭീകരത പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഭൂപടത്തിലെ സ്ഥാനം തന്നെ നഷ്ടമാകും ; ഇന്ത്യന്‍ കരസേന മേധാവി

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന്റെ അഞ്ച് എഫ് 16 വിമാനങ്ങള്‍ തകര്‍ത്തെന്ന് വ്യോമസേനാ മേധാവി എ പി സിങ് പറഞ്ഞിരുന്നു

 

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് പാകിസ്താന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ രണ്ടാം പതിപ്പ് കാണേണ്ടിവരും.

ഭീകരത പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഭൂപടത്തിലെ സ്ഥാനം തന്നെ നഷ്ടമാകുമെന്ന് പാകിസ്താനോട് ഇന്ത്യന്‍ കരസേന മേധാവി. ഭൂപടത്തില്‍ സ്ഥാനം നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ ഭീകരതയെ പിന്തുണയ്ക്കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണമെന്നായിരുന്നു കരസേന മേധാവി ചീഫ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പറഞ്ഞത്. രാജസ്ഥാനിലെ അനുപ്ഗഡിലെ സൈനിക പോസ്റ്റില്‍ സംസാരിക്കവെയായിരുന്നു കരസേന മേധാവിയുടെ താക്കീത്.

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് പാകിസ്താന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ രണ്ടാം പതിപ്പ് കാണേണ്ടിവരും. ഇന്ത്യന്‍ സേന യാതൊരു സംയമനവും വീട്ടുവീഴ്ചയും കാണിക്കില്ലെന്നും ദ്വിവേദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ 1.0യില്‍ സ്വീകരിച്ചതുപോലെയൊരു സംയമനം ഇനി സേനയുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കരുത്. ഭൂമിശാസ്ത്രത്തില്‍ സ്വന്തം സ്ഥാനം വേണമോ വേണ്ടയോ എന്ന് പാകിസ്താനെ കൊണ്ട് ചിന്തിപ്പിക്കും വിധത്തിലുള്ള എന്തെങ്കിലും നമ്മള്‍ ചെയ്യും. പാകിസ്താന് ഭൂമിശാസ്ത്രത്തില്‍ സ്ഥാനം നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഭീകരവാദം അവസാനിപ്പിക്കണമെന്നും ദ്വിവേദി പറഞ്ഞു. സൈനികരോട് സജ്ജരായിരിക്കാന്‍ ആവശ്യപ്പെട്ട അദ്ദേഹം, ദൈവം അനുവദിച്ചാല്‍ ഉടന്‍ തന്നെ അതിനൊരു അവസരം ലഭിക്കുമെന്നും വ്യക്തമാക്കി.

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന്റെ അഞ്ച് എഫ് 16 വിമാനങ്ങള്‍ തകര്‍ത്തെന്ന് വ്യോമസേനാ മേധാവി എ പി സിങ് പറഞ്ഞിരുന്നു. ഈ പ്രതികരണത്തിന് പിന്നാലെയാണ് ദ്വിവേദിയുടെ പ്രസ്താവന കൂടി പുറത്തുവരുന്നത്.