ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള ഒമാന്റെ ശ്രമങ്ങള്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് എതിരാണെങ്കില്‍ ഒമാനെതിരെ ബോംബാക്രമണം നടത്തും ; ട്രംപ്

ഇറാന്‍ കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

 

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുഎസും ഒമാനും ഇറാനുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തിവരികയാണ്.

ഇറാന്‍ - അമേരിക്ക യുദ്ധം പരിഹാരമില്ലാതെ ആറാം മാസത്തിലേക്ക് നീങ്ങുന്നതിനിടെ നിലപാട് കൂടുതല്‍ കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാന്‍ കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള ഒമാന്റെ ശ്രമങ്ങള്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് എതിരാണെങ്കില്‍ ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്ന അസാധാരണ മുന്നറിയിപ്പും ട്രംപ് നല്‍കി. ഫോണിലൂടെ നടത്തിയ അഭിമുഖത്തിനിടെ ആണ് ട്രംപ് ഭീഷണി മുഴക്കിയതെന്നാണ് ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ട്.


ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി യുഎസും ഒമാനും ഇറാനുമായി പ്രത്യേകം ചര്‍ച്ചകള്‍ നടത്തിവരികയാണ്. നേരത്തെ, ഒമാനുമായുള്ള കരാര്‍ അന്തിമമാക്കുന്നതിനോട് അടുക്കുകയാണെന്ന് ഇറാനിയന്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് ട്രംപ്, സഖ്യകക്ഷി കൂടിയായ ഒമാന് നേരെ ഭീഷണി മുഴക്കിയത്. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിന്റെ കാലാവധി അവസാനിക്കാനിരിക്കെ, തുടര്‍ ചര്‍ച്ചകള്‍ സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. ധാരണാപത്രത്തിന്റെ കാലാവധി നീട്ടാന്‍ ആവശ്യപ്പെടുമോ എന്ന ചോദ്യത്തോട് ഇല്ലെന്ന് ട്രംപ് തിങ്കളാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.