യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പായി ഇറാന്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അമേരിക്ക അതിന് പെട്ടെന്ന് തന്നെ മറുപടി നല്‍കും ; ട്രംപ്

തെരഞ്ഞെടുപ്പിന് മുന്‍പ് ഞങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് കരുതി അവര്‍ എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.

 

നവംബര്‍ മൂന്നിന് അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ്.

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പായി ഇറാന്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അമേരിക്ക അതിന് പെട്ടെന്ന് തന്നെ മറുപടി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ടെന്നസിയിലെ ക്ലാര്‍ക്‌സ്വില്ലെയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ മൂന്നിന് അമേരിക്കയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ്.

'അവര്‍ (ഇറാന്‍) ഇപ്പോള്‍ കുറച്ച് ശാന്തരാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് ഞങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് കരുതി അവര്‍ എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് അത് വളരെ വേഗം അവസാനിപ്പിക്കാന്‍ കഴിയും. ഞാന്‍ അവരോട് എത്ര നല്ല രീതിയിലാണ് പെരുമാറിയതെന്ന് അവര്‍ക്കറിയില്ല'- ട്രംപ് പറഞ്ഞു.

ഇറാനുമായി ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ നവംബര്‍ മൂന്നിന് മുമ്പ് അമേരിക്ക ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'ഇറാനുമായി നമ്മള്‍ നല്ല രീതിയിലുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. സാമ്പത്തികമായും സൈനികമായും ഇറാന്‍ വളരെ മോശം അവസ്ഥയിലാണെങ്കിലും ഉപരോധം ശക്തമായി തന്നെ തുടരും. ഹോര്‍മുസ് കടലിടുക്കിലൂടെ റെക്കോര്‍ഡ് അളവിലാണ് എണ്ണ കടന്നുപോകുന്നത് (കഴിഞ്ഞ ദിവസം മാത്രം 22 ദശലക്ഷം ബാരല്‍ എണ്ണയാണ് കടന്നുപോയത്. ഇതില്‍ ഒരു ബാരല്‍ പോലും ഇറാനില്‍ നിന്നുള്ളതോ ഇറാനിലേക്കുള്ളതോ അല്ല). നവംബര്‍ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് നമ്മള്‍ ഇറാനെ ആക്രമിക്കില്ല. ഇറാന് ഒരിക്കലും ഒരു ആണവായുധം ഉണ്ടാകില്ല' - ട്രംപ് കുറിച്ചു.