ഇറാന്‍ തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍ ആ രാജ്യത്തിനെതിരെ മുമ്പെങ്ങുമില്ലാത്ത വിധം ശക്തമായ സൈനിക തിരിച്ചടി നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട് ; വധഭീഷണിയില്‍ പ്രതികരണവുമായി ട്രംപ്
'ഞാന്‍ അവരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ട് നാളുകളേറെയായി. അങ്ങനെയുള്ള ഒരു രാജ്യത്തെയാണ് നമ്മള്‍ നേരിടുന്നത്'- ട്രംപ് പറഞ്ഞു.
പട്ടികയില്‍ താന്‍ വളരെക്കാലമായി ഒന്നാം സ്ഥാനത്തുണ്ടെന്നും എന്നാല്‍ നിലവില്‍ ഉടനടി വധശ്രമം ഉണ്ടാകുമെന്ന തരത്തിലുള്ള രഹസ്യാന്വേഷണ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാന്‍ തന്നെ വധിക്കാന്‍ ശ്രമിച്ചാല്‍ ആ രാജ്യത്തിനെതിരെ മുമ്പെങ്ങുമില്ലാത്ത വിധം ശക്തമായ സൈനിക തിരിച്ചടി നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്രമണം നടത്താനാണ് താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. 'ന്യൂയോര്‍ക്ക് പോസ്റ്റിന്' നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഈ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഇറാന്റെ വധഭീഷണിയുള്ളവരുടെ പട്ടികയില്‍ താന്‍ വളരെക്കാലമായി ഒന്നാം സ്ഥാനത്തുണ്ടെന്നും എന്നാല്‍ നിലവില്‍ ഉടനടി വധശ്രമം ഉണ്ടാകുമെന്ന തരത്തിലുള്ള രഹസ്യാന്വേഷണ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
'ഞാന്‍ അവരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ട് നാളുകളേറെയായി. അങ്ങനെയുള്ള ഒരു രാജ്യത്തെയാണ് നമ്മള്‍ നേരിടുന്നത്'- ട്രംപ് പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ എന്തുചെയ്യണമെന്ന വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ വധശ്രമ ഗൂഢാലോചനയെക്കുറിച്ച് ഇസ്രയേല്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറിയെന്ന റിപ്പോര്‍ട്ട് ട്രംപ് തള്ളിക്കളഞ്ഞു. ഇസ്രയേല്‍ അത്തരം വിവരങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, താന്‍ ഏറെ നാളായി ഇറാന്റെ ഒന്നാം നമ്പര്‍ ശത്രുവാണെന്നും ജീവിതം അങ്ങനെയാണെന്നും പറഞ്ഞു. എന്തെങ്കിലും സംഭവിച്ചാല്‍ 'നിങ്ങള്‍ എന്നെ മിസ്സ് ചെയ്യുമെന്ന് കരുതുന്നു' എന്ന് തമാശയായി ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷവും ഇറാന്‍ തന്നെ ലക്ഷ്യമിടുന്നതിനെക്കുറിച്ച് ട്രംപ് സംസാരിച്ചിരുന്നു. ഇറാന്‍ തന്നെ വധിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് അറിഞ്ഞാലും അത്തരം ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനെ ഒരു കാരണവശാലും ആണവായുധം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.