ഇറാന്‍ ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കും ; മുന്നറിയിപ്പുമായി യുഎഇ

സ്വയം പ്രതിരോധിക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണ സജ്ജരാണ്.

 

മിസൈല്‍ വര്‍ഷങ്ങള്‍ക്ക് ഇരയായിക്കൊണ്ട് ഞങ്ങള്‍ ഇനി കൈകെട്ടി നോക്കിനില്‍ക്കില്ല.

ഇറാന്റെ ഭാഗത്ത് നിന്നും തുടര്‍ച്ചയായ മിസൈല്‍ , ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായാല്‍ രാജ്യം ശക്തമായ പ്രതിരോധത്തിലേക്കും തിരിച്ചടിയിലേക്കും നീങ്ങുമെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ സഹ മന്ത്രി റീം അല്‍ ഹാഷിമി മുന്നറിയിപ്പ് നല്‍കി

'ഇത്തരത്തിലുള്ള മിസൈല്‍ വര്‍ഷങ്ങള്‍ക്ക് ഇരയായിക്കൊണ്ട് ഞങ്ങള്‍ ഇനി കൈകെട്ടി നോക്കിനില്‍ക്കില്ല. സ്വയം പ്രതിരോധിക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണ സജ്ജരാണ്. സാഹചര്യം അവിടം വരെ എത്തരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ആവശ്യം വന്നാല്‍ യുഎഇ കൂടുതല്‍ ആക്രമണാത്മകമായ നിലപാടിലേക്ക് മാറും,' മന്ത്രി വ്യക്തമാക്കി. അയല്‍രാജ്യം എന്ന നിലയില്‍ യുഎഇ എന്നും മാന്യമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കേണ്ടത് ഇറാനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനങ്ങളില്‍ ഒന്നാണ് യുഎഇയുടേത്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നടപടികളും രാജ്യം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.