ഇടക്കാല തിരഞ്ഞെടുപ്പില്‍ ജയിക്കണം, അല്ലെങ്കില്‍ അവരെന്നെ ഇംപീച്ച് ചെയ്യും ; എംപിമാരുടെ യോഗത്തില്‍ ട്രംപ്

 

യുഎസ് പ്രതിനിധി സഭയില്‍ നേരിയ ഭൂരിപക്ഷമാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്.

 

വാഷിങ്ടണില്‍ നടന്ന റിപ്പബ്ലിക്കന്‍ എംപിമാരുടെ യോഗത്തിലാണ് ട്രംപ് ഇത്തരമൊരു മുന്നറിയിപ്പു നല്‍കിയത്.

2026 ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജയിച്ചില്ലെങ്കില്‍ തന്നെ ഡെമോക്രാറ്റുകള്‍ ഇംപീച്ച് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണില്‍ നടന്ന റിപ്പബ്ലിക്കന്‍ എംപിമാരുടെ യോഗത്തിലാണ് ട്രംപ് ഇത്തരമൊരു മുന്നറിയിപ്പു നല്‍കിയത്.
നിങ്ങള്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ വിജയിക്കണം, വിജയിച്ചില്ലെങ്കില്‍ അവര്‍ എന്നെ ഇംപീച്ച് ചെയ്യാന്‍ ഒരു കാരണം കണ്ടെത്തും ട്രംപ് പറഞ്ഞു. യുഎസ് പ്രതിനിധി സഭയില്‍ നേരിയ ഭൂരിപക്ഷമാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. ഭിന്നതകള്‍ മാറ്റിവച്ച് തന്റെ നയങ്ങള്‍ പ്രചരിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഈ വര്‍ഷം നവംബറിലാണ് യുഎസില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. ട്രംപിന്റെ പാര്‍ട്ടി പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടില്ല. എന്നാല്‍ ട്രംപിന് വിപുലമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന് വലിയ തിരിച്ചടികളുണ്ടാകും. നിയമ നിര്‍മ്മാണങ്ങള്‍ക്ക് നിര്‍ണായകമായ യുഎസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ മേല്‍ക്കൈ നേടും.
ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലുള്ള ഒരു കോണ്‍ഗ്രസിന് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കാനും സാധിക്കും. യുഎസ് ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ നൂറു സീറ്റുകളില്‍ മൂന്നിലൊന്ന് സീറ്റുകളിലേക്കുമാണ് ഇടക്കാല തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുന്നത്.