ഇന്ധനവിലയില്‍ വന്‍ വര്‍ധനവ്; ബ്രെന്റ് ക്രൂഡ് ഓയില്‍ വില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
ഇന്ധനവിലയില്‍ വന്‍ വര്‍ധനവ്; ബ്രെന്റ് ക്രൂഡ് ഓയില്‍ വില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍
പശ്ചിമേഷ്യയില്‍ വീണ്ടും ഉടലെടുത്ത സംഘര്‍ഷങ്ങളാണ് എണ്ണവില കുത്തനെ ഉയരാന്‍ കാരണം.
സൗദി അറേബ്യയില്‍ അടുത്തിടെയുണ്ടായ ഹൂത്തി ആക്രമണങ്ങള്‍ ലോകത്തെ പ്രധാന എണ്ണ ഉല്‍പ്പാദന മേഖലയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വിതരണത്തെ ബാധിച്ചേക്കുമെന്ന ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവിലയില്‍ വന്‍ വര്‍ധനവ്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി ബാരലിന് 116.20 ഡോളറായി ഉയര്‍ന്നു. 2022 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പശ്ചിമേഷ്യയില്‍ വീണ്ടും ഉടലെടുത്ത സംഘര്‍ഷങ്ങളാണ് എണ്ണവില കുത്തനെ ഉയരാന്‍ കാരണം.
സൗദി അറേബ്യയില്‍ അടുത്തിടെയുണ്ടായ ഹൂത്തി ആക്രമണങ്ങള്‍ ലോകത്തെ പ്രധാന എണ്ണ ഉല്‍പ്പാദന മേഖലയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വിതരണത്തെ ബാധിച്ചേക്കുമെന്ന ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില ഉയര്‍ന്ന നിലയിലെത്തുകയും, അമേരിക്കന്‍ ബെഞ്ച്മാര്‍ക്കായ വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് 1.7 ശതമാനം ഉയര്‍ന്ന് 101.12 ഡോളറിലെത്തുകയും ചെയ്തു. തുടര്‍ച്ചയായ മൂന്നാം ആഴ്ചയിലാണ് ബ്രെന്റ് ക്രൂഡ് ഓയില്‍ വില വര്‍ധനവ് രേഖപ്പെടുത്തുന്നത്.
സൗദി അറേബ്യയും യമനിലെ ഹൂത്തികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍ ധാഹ്റാനിലുള്ള ആസ്ഥാനത്ത് നിന്ന് ജീവനക്കാരെ ഒഴിപ്പിക്കാന്‍ സൗദി അരാംകോ വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ചെങ്കടലിനെ ഏഡന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് എല്‍-മന്ദബ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങളാണ് എണ്ണവിപണി നേരിടുന്ന പ്രധാന ആശങ്ക. തന്ത്രപ്രധാനമായ ഈ കടല്പ്പാതയിലുണ്ടാകുന്ന തടസ്സങ്ങള്‍ ഡെലിവറികള്‍ വൈകുന്നതിനും ചരക്കുകൂലി വര്‍ദ്ധിക്കുന്നതിനും ഇടയാക്കും.