റിയാദ് കിങ് ഖാലിദ് വിമാനത്താവളം ഉള്‍പ്പെടെ സൗദിയില്‍ 6 തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ഹൂതികളുടെ ആക്രമണം

സൗദിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് ഹൂതികള്‍ ആക്രമണം നടത്തിയത്.

 

യെമനിലെ തായിസ് പ്രവിശ്യയിലെ അല്‍-വാസിയ ജില്ലയിലുള്ള അല്‍-ഹദാര മാര്‍ക്കറ്റിന് നേരെ സൗദി നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണമെന്ന് ഹൂതികള്‍ വ്യക്തമാക്കി.

സൗദി അറേബ്യയെ ലക്ഷ്യമിട്ട് ആറ് സൈനിക നീക്കങ്ങള്‍ നടത്തിയെന്ന അവകാശവാദവുമായി ഹൂതികള്‍. സൗദിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം, റിയാദിലെയും ഖുറൈസിലെയും പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ സംഭരണ കേന്ദ്രങ്ങള്‍, നജ്റാനിലെ നാഷണല്‍ ഗാര്‍ഡ് സൈനിക ക്യാംപ് എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ അറിയിച്ചു.

യെമനിലെ തായിസ് പ്രവിശ്യയിലെ അല്‍-വാസിയ ജില്ലയിലുള്ള അല്‍-ഹദാര മാര്‍ക്കറ്റിന് നേരെ സൗദി നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണമെന്ന് ഹൂതികള്‍ വ്യക്തമാക്കി. ആക്രമണത്തില്‍ വ്യാപാരികളും സാധനങ്ങള്‍ വാങ്ങാനെത്തിയവരും ഉള്‍പ്പെടെ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു.

ബാലിസ്റ്റിക് മിസൈലുകള്‍, ക്രൂസ് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ചാണ് സൈനിക നീക്കങ്ങള്‍ നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് പറഞ്ഞു. ആക്രമണങ്ങള്‍ ലക്ഷ്യം കണ്ടതായും ഹൂതികള്‍ അവകാശപ്പെട്ടു.