വടക്കന്‍ ഗാസയിലെ ഹോസ്പിറ്റല്‍ ബലമായി ഒഴിപ്പിച്ച് ഇസ്രയേല്‍ സൈന്യം

 

ജറുസലം : വടക്കന്‍ ഗാസയിലെ ഇന്തൊനീഷ്യന്‍ ഹോസ്പിറ്റല്‍ ബലമായി ഒഴിപ്പിച്ച് ഇസ്രയേല്‍ സൈന്യം. രോഗികള്‍ കിലോമീറ്ററുകള്‍ക്കപ്പുറം ഗാസ സിറ്റിയിലെ ആശുപത്രിയില്‍ അഭയം തേടി. തിങ്കളാഴ്ച ഒഴിയാന്‍ ആവശ്യപ്പെട്ട സൈന്യം ചൊവ്വാഴ്ച രാവിലെ ആശുപത്രി പിടിച്ചെടുത്തു.

3 മാസത്തിലേറെയായി ഇസ്രയേല്‍ സൈന്യം വളഞ്ഞുവച്ച് ആക്രമണം തുടരുന്ന വടക്കന്‍ ഗാസയിലെ ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂന്‍ എന്നീ പ്രദേശങ്ങളോടു ചേര്‍ന്നാണിത്.

മേഖലയില്‍ ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്ന അല്‍ ഔദ, കമല്‍ അദ്വാന്‍ ആശുപത്രികളില്‍ ഇസ്രയേല്‍ ബോംബിട്ടു. പരിമിതമായി പ്രവര്‍ത്തിക്കുന്ന വടക്കന്‍ ഗാസയിലെ ആശുപത്രികള്‍ മരുന്നോ മറ്റ് അവശ്യസേവനസൗകര്യങ്ങളോ ഇല്ലാതെ കഷ്ടപ്പെടുകയാണ്. ഇവിടേക്കുള്ള മരുന്നുവിതരണം ഇസ്രയേല്‍ സൈന്യം തടഞ്ഞിരിക്കുകയാണ്.