ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ജീവനക്കാരുള്ള ടാങ്കറിന് നേരെ ആക്രമണം; 27 ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്ക

ഖസബ് തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണം.27 ഇന്ത്യൻ നാവിക ജീവനക്കാരുണ്ടായിരുന്ന പനാമ പതാകയുള്ള MT LOUISE 1 എന്ന എണ്ണക്കപ്പലാണ് ആക്രമണത്തിനിരയായത്. വ്യാഴാഴ്ച നടന്ന സംഭവത്തിൽ കപ്പലിന്റെ എൻജിൻ മുറിയിൽ തീപിടിത്തമുണ്ടായെങ്കിലും ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

 

ഒമാൻ: ഖസബ് തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണം.27 ഇന്ത്യൻ നാവിക ജീവനക്കാരുണ്ടായിരുന്ന പനാമ പതാകയുള്ള MT LOUISE 1 എന്ന എണ്ണക്കപ്പലാണ് ആക്രമണത്തിനിരയായത്. വ്യാഴാഴ്ച നടന്ന സംഭവത്തിൽ കപ്പലിന്റെ എൻജിൻ മുറിയിൽ തീപിടിത്തമുണ്ടായെങ്കിലും ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

ഒമാനിലെ ഖസബ് തീരത്തിന്റെ വടക്കുകിഴക്കായി ഏകദേശം 25 നോട്ടിക്കൽ മൈൽ (46 കിലോമീറ്റർ) അകലെയാണ് സംഭവം നടന്നത്. ചെറിയ ബോട്ടിലെത്തിയ അക്രമികൾ കപ്പലിന്റെ പുറംഭാഗത്ത് രണ്ട് ലിംപെറ്റ് മൈനുകൾ ഘടിപ്പിച്ചതായാണ് റോയിട്ടേഴ്‌സിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. സ്ഫോടനത്തെത്തുടർന്ന് കപ്പലിന്റെ എൻജിൻ മുറിയിൽ തീപിടിക്കുകയും കുറച്ചുസമയത്തേക്ക് കപ്പലിന്റെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്തു.

കപ്പലിലെ ജീവനക്കാർ തന്നെ തീ നിയന്ത്രണവിധേയമാക്കി. പിന്നീട് കപ്പൽ യാത്ര പുനരാരംഭിച്ചതായും പരിസ്ഥിതിക്ക് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സമുദ്രസുരക്ഷാ മേഖലയിലെ മൂന്ന് സ്രോതസ്സുകളാണ് ആക്രമിക്കപ്പെട്ട കപ്പൽ MT LOUISE 1 ആണെന്ന് തിരിച്ചറിഞ്ഞത്.

ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്കിടെ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ 27 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു. കപ്പൽ മാനേജ്‌മെന്റ് കമ്പനിയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന വിവരവും ആശ്വാസകരമാണ്.

ഇതേ കടൽമേഖലയിൽ ഒക്ടോബർ 29-ന് ലൈബീരിയൻ പതാകയുള്ള MT ARZANAH എന്ന മറ്റൊരു എണ്ണക്കപ്പലും ആക്രമണത്തിനിരയായതായി റിപ്പോർട്ടുകളുണ്ട്. ഈ കപ്പലിൽ രണ്ട് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. രണ്ട് കപ്പലുകളിലുമായി ഉണ്ടായിരുന്ന 29 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ മേഖലയിൽ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.

ലോകത്തെ പ്രധാന എണ്ണക്കടത്തു പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ആഗോള എണ്ണവിതരണത്തിന്റെ വലിയൊരു പങ്ക് ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ഇവിടെ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര വ്യാപാരത്തെയും എണ്ണവിലയെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനായി അന്താരാഷ്ട്ര സമുദ്രസുരക്ഷാ ഏജൻസികളും ബന്ധപ്പെട്ട അധികൃതരും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.