ഹോര്‍മുസ് തുറക്കാം, യുദ്ധം അവസാനിപ്പിക്കാം, ആണവ ചര്‍ച്ചകള്‍ പിന്നീടാകാം ; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

പ്രശ്നം വേഗത്തില്‍ പരിഹരിക്കുന്നതിനുള്ള നീക്കമായിട്ടാണ് ഇറാന്റെ പുതിയ നിര്‍ദ്ദേശത്തെ കാണുന്നത്.

 

ആണവ വിഷയത്തില്‍ എന്തുവീഴ്ചകള്‍ ചെയ്യണമെന്ന കാര്യത്തില്‍ ഇറാനിയന്‍ നേതൃത്വത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും അമേരിക്കയുമായി ഒരു കരാറിന് തയ്യാറാണെന്ന് ഇറാന്‍ നിര്‍ദ്ദേശിച്ചതായി വിവരം. ആണവ പദ്ധതി സംബന്ധിച്ച ചര്‍ച്ച പിന്നീടാകാമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മധ്യസ്ഥരായ പാകിസ്താന്‍ വഴിയാണ് ഇത്തരമൊരു നിര്‍ദ്ദേശം ഇറാന്‍ കൈമാറിയതെന്ന് യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആണവ വിഷയത്തില്‍ എന്തുവീഴ്ചകള്‍ ചെയ്യണമെന്ന കാര്യത്തില്‍ ഇറാനിയന്‍ നേതൃത്വത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രശ്നം വേഗത്തില്‍ പരിഹരിക്കുന്നതിനുള്ള നീക്കമായിട്ടാണ് ഇറാന്റെ പുതിയ നിര്‍ദ്ദേശത്തെ കാണുന്നത്.
എന്നാല്‍ ഇറാനുമേലുള്ള ഉപരോധം പിന്‍വലിക്കുന്നത് ഭാവി ചര്‍ച്ചകളില്‍ സ്വാധീനം കുറയ്ക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുക എന്നത് പ്രധാനമാണെന്നും യുഎസ് കരുതുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇറാനുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുന്നതിന് ട്രംപ് തിങ്കളാഴ്ച ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായും വിദേശ നയ ടീമിലെ അംഗങ്ങളുമായും ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.
ഹോര്‍മുസ് തുറക്കുക വഴി ആദ്യം ഉപരോധം നീക്കുക. ഒപ്പം വെടിനിര്‍ത്തല്‍ ദീര്‍ഘകാലത്തേക്ക് നീട്ടുകയോ അല്ലെങ്കില്‍ ഇരു കക്ഷികളും യുദ്ധത്തില്‍ നിന്ന് സ്ഥിരം വിടുതലിന് സമ്മതിക്കുകയോ ചെയ്യും. കടലിടുക്ക് തുറന്നതിന് ശേഷവും ഉപരോധം പിന്‍വലിച്ചതിന് ശേഷവും മാത്രമായിരിക്കും ആണവ ചര്‍ച്ചകള്‍ ആരംഭിക്കുക. എന്നാല്‍ ഈ നിര്‍ദ്ദേശം യുഎസ് പരിഗണിക്കുമോ എന്നത് വ്യക്തമല്ല.