സ്വവർഗ ലൈംഗികത ; ഇന്തോനേഷ്യയിൽ രണ്ട് പുരുഷന്മാരെ പരസ്യമായി ചാട്ടവാറ് കൊണ്ട് അടിച്ചു
ഇന്തോനേഷ്യയിലെ യാഥാസ്ഥിതിക പ്രവിശ്യയായ ആച്ചെയിൽ സ്വവർഗാനുരാഗികളായ രണ്ട് പുരുഷന്മാരെ പരസ്യമായി 76 തവണ ചാട്ടവാറടിക്ക് വിധേയരാക്കി. ഇസ്ലാമിക ശരീഅത്ത് കോടതിയാണ് ഇവർക്ക് ശിക്ഷ വിധിച്ചത്. നൂറുകണക്കിന് ആളുകൾ ഈ ക്രൂരമായ ശിക്ഷയുടെ ദൃശ്യങ്ങൾ നോക്കിനിന്നു. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയുടെ മറ്റ് ഭാഗങ്ങളിൽ സ്വവർഗ ലൈംഗികത നിയമവിരുദ്ധമല്ലെങ്കിലും, ആച്ചെയിൽ കർശനമായ ശരീഅത്ത് നിയമം പ്രാബല്യത്തിലുണ്ട്.
ബന്ദ ആച്ചെയിലെ ഒരു പാർക്കിൽ വെച്ചാണ് രണ്ട് പുരുഷന്മാരെയും ചാട്ടവാറടിച്ചത്. ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇസ്ലാമിക മത പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി 80 ചാട്ടവാറടിക്ക് ശിക്ഷ വിധിച്ചു. നാല് മാസത്തെ തടവിന് ശേഷം ശിക്ഷ 76 തവണയായി കുറച്ചു. വ്യഭിചാരം, ചൂതാട്ടം തുടങ്ങിയ കുറ്റങ്ങൾക്ക് മറ്റ് 8 പേരെയും ഇതേ പാർക്കിൽവെച്ച് പരസ്യമായി ശിക്ഷിച്ചു.
ഏപ്രിലിൽ, പാർക്കിലെ ഒരു ബാത്ത്റൂമിൽ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ പുരുഷന്മാരെ അറസ്റ്റ് ചെയ്തത്. ഓൺലൈൻ ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇവർ പരിചയപ്പെട്ടതെന്നും കോടതി രേഖകൾ പറയുന്നു.
2006-ൽ ഇന്തോനേഷ്യൻ സർക്കാർ ആച്ചെ പ്രവിശ്യയ്ക്ക് സ്വയംഭരണം അനുവദിച്ചതോടെയാണ് ഇവിടെ കർശനമായ ശരീഅത്ത് നിയമം നിലവിൽ വന്നത്. സ്വവർഗ ലൈംഗികത, അവിവാഹിതർ തമ്മിലുള്ള ലൈംഗിക ബന്ധം, ചൂതാട്ടം, മദ്യപാനം, ഇറുകിയ വസ്ത്രം ധരിക്കുന്ന സ്ത്രീകൾ, വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കെടുക്കാത്ത പുരുഷന്മാർ എന്നിവയ്‌ക്കെല്ലാം ആച്ചെയിൽ ചാട്ടവാറടി ശിക്ഷയാണ്. 2015-ൽ ഈ നിയമം മുസ്ലീങ്ങൾ അല്ലാത്തവർക്കും ബാധകമാക്കി.