അമേരിക്കയിൽ കനത്ത മഞ്ഞുവീഴ്ച്ചയ്ക്ക് സാധ്യത

 

വാഷിംങ്ടൺ: രാജ്യത്തുടനീളം കടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് നൽകി അമേരിക്കയിലെ കാലാവസ്ഥാ പ്രവചകർ. അമേരിക്കയിൽ അവധിക്കാലം കടന്നുവരുന്നതിനൊപ്പമാണ് കാലാവസ്ഥാ മുന്നറിയിപ്പും. കാലിഫോർണിയയിലെ സാക്രമെന്‍റോയിലെ നാഷണൽ വെതർ സർവീസ് ഓഫീസിൽ നിന്നുള്ള മുന്നറിയിപ്പ് അനുസരിച്ച് സിയറ നെവാഡയിൽ ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ ശീതകാല കൊടുങ്കാറ്റ് വീശിയേക്കും.

മിഡ്‌വെസ്റ്റ്, ഗ്രേറ്റ് ലേക്‌സ് മേഖലകളിൽ തിങ്കളാഴ്ച മഴയും മഞ്ഞുവീഴ്ച്ചയും ഉണ്ടായേക്കും. ഉയരമുള്ള പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച്ചയ്ക്കും മണിക്കൂറിൽ 55 മൈൽ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഏകദേശം നാല് അടി വരെ മഞ്ഞുവീഴ്ച്ചയുണ്ടായേക്കാം. വരാനിരിക്കുന്ന അവധിക്കാല യാത്രകളെ ശീതകാല കൊടുങ്കാറ്റുകൾ ബാധിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.